ഗോവധത്തിന് അനുമതി നല്‍കിയാണോ കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഭരണം ആരംഭിക്കുന്നത്; കേന്ദ്ര സര്‍ക്കാര്‍ ഇടപെടും: കേന്ദ്ര മന്ത്രി
national news
ഗോവധത്തിന് അനുമതി നല്‍കിയാണോ കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഭരണം ആരംഭിക്കുന്നത്; കേന്ദ്ര സര്‍ക്കാര്‍ ഇടപെടും: കേന്ദ്ര മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th June 2023, 11:02 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഗോവധത്തിന് അനുമതി നല്‍കിയാണോ ഭരണം ആരംഭിക്കുന്നതെന്ന് കേന്ദ്ര മൃഗസംരക്ഷണ സഹമന്ത്രി പര്‍ഷോത്തം രൂപാല. കര്‍ണാട സര്‍ക്കാര്‍ ഗോവധ നിരോധന നിയമം പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ചൊവ്വാഴ്ചയായിരുന്നു രൂപാലയുടെ പരാമര്‍ശം.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന് ഈ വിഷയത്തില്‍ ഇടപെടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഒമ്പത്‌ വര്‍ഷത്തെ ഭരണത്തെക്കുറിച്ച് ദല്‍ഹിയിലെ ബി.ജെ.പി ഹെഡ്ക്വാര്‍ട്ടേര്‍സില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രൂപാല.

‘ഗോവധത്തിന് അനുമതി നല്‍കിയാണോ കര്‍ണാടക സര്‍ക്കാര്‍ ഭരണം ആരംഭിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയ ഗാന്ധിയും ഈ വിഷയത്തിലെ നിലപാട് വ്യക്തമാക്കണം.

കോണ്‍ഗ്രസിന്റെ നിലപാട് ഇതാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ ഇടപെടും. ഇതിലൂടെ കോണ്‍ഗ്രസിന്റെ ചിന്താഗതിയാണ് പുറത്ത് വരുന്നത്,’ അവര്‍ പറഞ്ഞു.

പോത്തിനെയും കാളകളെയും അറക്കാമെങ്കില്‍ പശുക്കളെ എന്തുകൊണ്ട് അറക്കരുതെന്ന് കര്‍ണാടക മൃഗ സംരക്ഷണ മന്ത്രി ടി. വെങ്കിടേഷ് പറഞ്ഞിരുന്നു. തുടര്‍ന്ന് കര്‍ണാടക കശാപ്പ് നിയമം പിന്‍വലിക്കുന്നതിന് ഉചിതമായ നിയമ നടപടികളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതിനെതിരെ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ബസരാജ് ബൊമ്മൈയും രംഗത്ത് വന്നിരുന്നു.

ഇന്ത്യക്കാര്‍ക്ക് പശുക്കളുമായി വൈകാരിക ബന്ധമുണ്ടെന്നാണ് ബൊമ്മൈ പറഞ്ഞത്.

‘എന്തുകൊണ്ട് പശുക്കളെ അറക്കാന്‍ പാടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. വെങ്കിടേഷ് ചോദിക്കുകയുണ്ടായി. ആ പ്രസ്താവന എന്നെ അത്ഭുതപ്പെടുത്തി. അപലപനീയമായ പ്രസ്താവനയാണ് അത്. നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പശുവുമായി വൈകാരിക അടുപ്പമാണുള്ളത്. പശുവിനെ മാതാവായി ആരാധിക്കുന്നവരാണ് ഞങ്ങള്‍. ആരുടെ പ്രീതിക്ക് വേണ്ടിയാണ് അദ്ദേഹം ഇങ്ങനൊരു പ്രസ്താവന നടത്തിയത്.

ഗോവധം നിരോധിക്കണമെന്ന് ആദ്യമായി വാദിച്ചത് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയാണ്. ബഹുമാനപ്പെട്ട രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി വാദിച്ച ഗോവധ നിരോധനം 1960കളില്‍ തന്നെ പല സംസ്ഥാനങ്ങളും പ്രാബല്യത്തില്‍ കൊണ്ടുവന്നു,’ ബൊമ്മൈ പറഞ്ഞു.

CONTENT HIGHLIGHTS: Congress starts rule in Karnataka if cow slaughter is allowed: Central government will intervene: Union Minister