| Wednesday, 8th November 2023, 9:04 am

രാജസ്ഥാനില്‍ 'ഗ്യാരണ്ടി യാത്ര' ആരംഭിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കുറിച്ച് വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനായി കോണ്‍ഗ്രസ് ഗ്യാരണ്ടി യാത്ര ആരംഭിച്ചു. 200 നിയമസഭാ മണ്ഡലങ്ങളില്‍ 140ഉം സന്ദര്‍ശിക്കുന്ന രീതിയില്‍ 12 ദിവസത്തെ യാത്രക്ക് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നേതൃത്വം നല്‍കി.

പദയാത്രയില്‍ നിരവധി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ഗെഹ്‌ലോട്ടും സംസ്ഥാന ചുമതല വഹിക്കുന്ന സുഖ്ജീന്ദര്‍ സിങ് രണ്‍ധാവയും ബസിലായിരുന്നു യാത്ര.

‘വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെതിരെ ഒരു ഭരണവിരുദ്ധതയും കാണാനാകില്ല. ഞങ്ങള്‍ വാക്ക് പാലിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ഞങ്ങളില്‍ വിശ്വാസമുണ്ട്,’ ഗെലോട്ട് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി കോണ്‍ഗ്രസ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ വോട്ടുകള്‍ ലക്ഷ്യമിടുന്ന ഏഴ് വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചു. ഓരോ കുടുംബത്തിലെയും മുതിര്‍ന്ന സ്ത്രീക്ക് 10,000 രൂപ വാര്‍ഷിക അലവന്‍സ്, സബ്സിഡിയുള്ള ഗ്യാസ് സിലിണ്ടറുകള്‍, സര്‍ക്കാര്‍ കോളേജുകളിലെ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ് അല്ലെങ്കില്‍ ടാബ്ലെറ്റുകള്‍, സൗജന്യ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം തുടങ്ങിയ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ചത്.

Content Highlights: Congress starts Guarantee Yatra

We use cookies to give you the best possible experience. Learn more