ന്യൂദല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്തി’നെ നേരിടാന്‍ കോണ്‍ഗ്രസ് ‘ദേശ് കി ബാത്ത്’ ആരംഭിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ശനിയാഴ്ച പരിപാടി പ്രക്ഷേപണം ചെയ്യും.
ദേശ് കീ ബാത്തിന്റെ ആദ്യ പരിപാടി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര അവതരിപ്പിക്കും. ശനിയാഴ്ച 11 മണിക്കാണ് ദേശ് കി ബാത്ത് പ്രക്ഷേപണം ചെയ്യുക.
സാധാരണക്കാരന്റെ ആവശ്യങ്ങളെയും പ്രശ്‌നങ്ങളെയും ഉയര്‍ത്തിക്കാണിക്കുക, സര്‍ക്കാരിന്റെ പരാജയങ്ങളെ ചോദ്യം ചെയ്യുക, സാമ്പത്തിക രംഗം, കാര്‍ഷിക പ്രതിസന്ധി, കുതിച്ചുയരുന്ന വില, കുതിച്ചുയരുന്ന കുറ്റകൃത്യങ്ങളുടെ കണക്ക്, തൊഴിലില്ലായ്മ തുടങ്ങി സര്‍ക്കാര്‍ നടപ്പാക്കാത്ത വാഗ്ദാനങ്ങളെയെല്ലാം അഭിസംബോധന ചെയ്ത് സംസാരിക്കുക എന്നിവയൊക്കെയാണ് ദേശ് കി ബാത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്.
ദേശത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാണിക്കാനായി കോണ്‍ഗ്രസിന്റെ സാമൂഹ്യ മാധ്യമ കൂട്ടായ്മ ദേശ് കീ ബാത്ത് എന്ന പുതിയ പരമ്പരയുമായി രംഗത്തെത്തുകയാണെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
‘ഈ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്ക് എന്താണെന്ന് ആവശ്യമെന്ന് വ്യക്തമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളെ കാണാതെ ആര്‍ക്കും അധികകാലം മുന്നോട്ടു പോവാനാവില്ല. കോണ്‍ഗ്രസിന് ഉയര്‍ന്നുവരുന്ന പിന്തുണ കാണിക്കുന്നത് അവര്‍ കോണ്‍ഗ്രസില്‍ വിശ്വാസമുണ്ടെന്നാണ്.
രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷം എന്ന നിലയ്ക്ക് പൊതു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ഉയര്‍ത്തിക്കാണിക്കും. ഓരോ അധ്യായത്തിലും
ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതും ബാധിക്കുന്നതുമായ വിഷയങ്ങള്‍ പാര്‍ട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളും പാര്‍ട്ടി വക്താക്കളും അവതരിപ്പിക്കും’. കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
മുമ്പ് കോണ്‍ഗ്രസ് നേതാവായ സന്ദീപ് ദീക്ഷിത് ‘കാം കി ബാത്ത്’ എന്ന പേരില്‍ ഒരു പരിപാടി ആരംഭിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം അത് നിര്‍ത്തുകയായിരുന്നു. പിന്നീട് ബിജെപി കഥകളോട് പ്രതികരിക്കുന്ന രീതിയിലുള്ള വീഡിയോകള്‍ വല്ലപ്പോഴും നിര്‍മിക്കുക മാത്രമായി മാറി.