തിരുവനന്തപുരം: രാജ്യത്ത് വംശീയ കലാപം തുടങ്ങിവെച്ചതും ഹിന്ദുത്വയുടെ വളര്‍ച്ചയെ ഏറ്റവും കൂടുതല്‍ സഹായിച്ചതും കോണ്‍ഗ്രസാണെന്ന് പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. മൂന്നാമത് നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മീറ്റ് ദി ഓതര്‍ സെഷനില്‍ എസ്. ഹരീഷുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്. ഹരീഷും എന്‍.എസ് മാധവനും മീറ്റ് ദി ഓതര്‍ സെഷനില്‍
ഇന്ദിരാഗാന്ധിയുടെ മരണത്തിന് ശേഷം ദല്‍ഹിയില്‍ നടന്ന സിഖ് വിരുദ്ധ കലാപത്തിന്റെയും വംശീയ കൂട്ടക്കൊലയുടെയുമെല്ലാം പശ്ചാത്തലത്തിലാണ് പിന്നീട് നടന്ന തെരഞ്ഞെടുപ്പിലെല്ലാം കോണ്‍ഗ്രസ് നാനൂറില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയതെന്നും എന്‍.എസ് മാധവന്‍ പറഞ്ഞു. ഈ തന്ത്രം തന്നെയാണ് പിന്നീട് ഹിന്ദുത്വ ശക്തികള്‍ ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ മതേതര സ്വഭാവം കൈവരിച്ചുവെന്ന മിഥ്യാധാരണയിലായിരുന്നു നമ്മളെന്നും ബോംബെ മുംബൈ ആയി മാറിയ കാലത്താണ് ആ വിശ്വാസം തെറ്റാണെന്ന് ആദ്യമായി ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തേക്കാള്‍ രാഷ്ട്രീയബോധമുള്ള ജനത വടക്കേ ഇന്ത്യക്കാരാണെന്നും അവരുടെ ജീവല്‍പ്രശ്‌നങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അവര്‍ ഒരുക്കമല്ലെന്നും എന്‍.എസ്. മാധവന്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് നിര്‍ഭയമായി എഴുത്ത് തുടരാനാകുന്ന പച്ചത്തുരുത്താണ് കേരളം. കേരളവും തമിഴ്നാടും പോലെ ചുരുക്കം ചില ഇടങ്ങള്‍ മാത്രമേ സ്വതന്ത്രമായ എഴുത്ത് അനുവദിക്കുന്നുള്ളൂ’
എന്‍.എസ്. മാധവന്‍
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തേക്കാള്‍ രാഷ്ട്രീയ ബോധത്തോടെ വോട്ട് ചെയ്തത് വടക്കേ ഇന്ത്യക്കാരാണെന്നും അവര്‍ മോദി സര്‍ക്കാര്‍ വരരുതെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അതാണ് ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള അവസരം ഇല്ലാതാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് നിര്‍ഭയമായി എഴുത്ത് തുടരാനാകുന്ന പച്ചത്തുരുത്താണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം ആസ്പദമാക്കി എഴുതുന്നവര്‍ കുറയുന്നില്ലെന്നും അവര്‍ നിശബ്ദരാക്കപ്പെടുകയാണെന്നും പറഞ്ഞ അദ്ദേഹം ചരിത്രസത്യങ്ങളെ മായ്ചുകളയാനുള്ള ശ്രമങ്ങള്‍ ചുറ്റും നടക്കുന്നതായും ചൂണ്ടിക്കാട്ടി.
കേരളവും തമിഴ്നാടും പോലെ ചുരുക്കം ചില ഇടങ്ങള്‍ മാത്രമേ സ്വതന്ത്രമായ എഴുത്ത് അനുവദിക്കുന്നുള്ളൂവെന്നും വടക്കേ ഇന്ത്യയില്‍ സത്യം എഴുതുന്നവര്‍ക്ക് താമസിക്കാന്‍ വീട് കിട്ടാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധക്കാലത്ത് സമാനമായ സ്ഥിതി ആയിരുന്നു ഉണ്ടായിരുന്നതെന്നും അന്നത്തെ കൂലിയെഴുത്തുകാരെ ഇന്ന് കാലം ചവറ്റുകുട്ടയില്‍ തള്ളിയെന്നും അവരുടെ പേരുപോലും ഓര്‍മകളില്ലെന്നും എന്‍.എസ് മാധവന്‍ പറഞ്ഞു.
സാങ്കേതിക വിപ്ലവത്തിന്റെ കാലത്ത് വായനയ്ക്ക് എന്തുസംഭവിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയുക പ്രയാസമാണെന്നും ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ ഗ്രാഫിക് നോവലുകള്‍ ജനപ്രിയമായി മാറിയെന്നും പറഞ്ഞ അദ്ദേഹം കലയും സാഹിത്യവും എക്കാലവും ഒരുപോലെ നിലനില്‍ക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
കലാരൂപങ്ങള്‍ക്കും പ്രകൃതിനിയമം ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. മഹാകാവ്യങ്ങളും ആട്ടക്കഥകളും ഓപ്പറകളും ഇല്ലാതായെന്നും കാലത്തെ പണ്ട് അടയാളപ്പെടുത്തിയിരുന്നത് കവിതാശകലങ്ങള്‍ കൊണ്ടായിരുന്നെങ്കില്‍ ഇന്നത് സിനിമാ ഡയലോഗുകള്‍ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഏകാഗ്രതക്കുറവുണ്ടെന്ന് പറയുന്ന ഇന്നത്തെ കുട്ടികള്‍ ഹാരി പോട്ടര്‍ പോലെ വലിയ പുസ്തകങ്ങള്‍ താത്പര്യത്തോടെ വായിക്കുന്നുണ്ടെന്നും എന്‍.എസ്. മാധവന്‍ പറഞ്ഞു.
‘എഴുത്തിലും ചലച്ചിത്രങ്ങളിലും പ്രാദേശിക ഭാഷ വിപണനമൂല്യമുള്ളതായി മാറി. ഇതിനു തുടക്കം കുറിച്ചത് എം.ടിയാണ്. എം.ടിയുടെ നാലുകെട്ടും ഉറൂബിന്റെ ഉമ്മാച്ചുവും തകഴിയുടെ ചെമ്മീനും പ്രാദേശിക ഭാഷാ സൗന്ദര്യം കൊണ്ടുകൂടി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എല്ലാത്തരം വായനക്കാരെയും തൃപ്തിപ്പെടുത്തിയ എം.ടിയുടെ എഴുത്തില്‍ മാധവിക്കുട്ടിയുടെയോ ഒ.വി. വിജയന്റേയോ പല അടരുകളുള്ള എഴുത്തുശൈലി കാണണമെന്നില്ല. ഒ.വി വിജയന്‍ ഖസാക്കിന്റെ ഇതിഹാസം ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യത്തെ കുറെ ലക്കങ്ങളില്‍ വിമര്‍ശനം പോലും ഉന്നയിക്കാനാവാത്ത വിധം വിമര്‍ശകലോകം സ്തബ്ധരായിരുന്നു. അപരിചിത്വം തകര്‍ത്ത് പിന്നീടത് സമൂഹത്തില്‍ പടര്‍ന്നുപിടിച്ചു. മലയാളം വായിക്കാനും എഴുതാനും സാഹചര്യമില്ലാതിരുന്ന വടക്കേ ഇന്ത്യന്‍ പ്രവാസകാലം കഴിഞ്ഞു തിരിച്ചെത്തിയാണ് ഹിഗ്വിറ്റ എഴുതിയത്. അതിനുശേഷമുള്ള എഴുത്തില്‍ അതുകൊണ്ടുതന്നെ മറ്റൊരു ശൈലി പ്രകടമായി, എന്‍.എസ്. മാധവന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Congress started the communal riots in India and helped the growth of Hindutva the most: N.S. Madhavan