| Friday, 16th October 2020, 10:17 pm

ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാനുള്ള പോരാട്ടത്തിന് എല്ലാ പിന്തുണയും; കശ്മീരിലെ പുതിയ സഖ്യത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് പി.ചിദംബരം. കശ്മീരില്‍ രൂപീകരിച്ച പുതിയ സഖ്യത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

‘കശ്മീരിലെ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനായി നിയമയുദ്ധത്തിന് ഒരുങ്ങുന്നത് സ്വാഗതാര്‍ഹമാണ്. ജമ്മു കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ നീക്കത്തെ മുഴുവന്‍ ഇന്ത്യയും പിന്തുണക്കേണ്ടതാണ്’, ചിദംബരം ട്വീറ്റ് ചെയ്തു.

നിയമവിരുദ്ധമായ നടപടിയാണ് ആഗസ്റ്റ് അഞ്ചിന് നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിലെ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളെ വിഘടനവാദികളും ദേശവിരുദ്ധരുമായി കാണുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

വ്യാഴാഴ്ചയാണ് കശ്മീരില്‍ ഗുപ്കാര്‍ കൂട്ടായ്മ പീപ്പിള്‍സ് അലയന്‍സ് എന്ന സഖ്യം രൂപീകരിച്ചത്.

കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ കക്ഷി നേതാക്കള്‍ പങ്കെടുത്തു. ഫാറൂഖ് അബ്ദുള്ളയ്ക്ക് (നാഷണല്‍ കോണ്‍ഫറന്‍സ്) പുറമെ മെഹബൂബ മുഫ്തി( പി.ഡി.പി), സജാദ് ഗനി ല്യോണ്‍ (പീപ്പിള്‍സ് കോണ്‍ഫറന്‍സ്), ജവൈദ് മിര്‍ (പീപ്പിള്‍സ് മൂവ്മെന്റ്), മുഹമ്മദ് യൂസഫ് തരിഗാമി (സി.പി.ഐ.എം) എന്നിവരാണ് സഖ്യരൂപീകരണത്തില്‍ സന്നിഹിതരായത്.

ഈ വര്‍ഷം ആഗസ്റ്റ് 22 നാണ് കശ്മീരില്‍ ഗുപ്കാര്‍ കൂട്ടായ്മ രൂപീകരിച്ചത്.

ചൊവ്വാഴ്ചയാണ് മെഹബൂബ മുഫ്തി തടങ്കലില്‍ നിന്ന് മോചിതയായത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ് മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress Stands for Restoration of Status and Rights of Jammu and Kashmir, Says Chidambaram

We use cookies to give you the best possible experience. Learn more