മുസ്‌ലിങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്ത് വീട്ടില്‍ പോയി ഇരിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട് : അസദുദ്ദീന്‍ ഒവൈസി
national news
മുസ്‌ലിങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്ത് വീട്ടില്‍ പോയി ഇരിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട് : അസദുദ്ദീന്‍ ഒവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th November 2023, 10:34 am

ന്യൂദല്‍ഹി: മുസ്‌ലിം സമുദായം തങ്ങള്‍ക്ക് വോട്ട് ചെയ്ത് വീട്ടില്‍ പോയി ഇരിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. കോണ്‍ഗ്രസ് ഭരണകാലത്ത് ബാബരി മസ്ജിദിന്റെ പൂട്ടുകള്‍ തുറന്നതാണ് ആത്യന്തികമായി രാമക്ഷേത്ര നിര്‍മാണത്തിന് കാരണമായതെന്നും തെലുങ്കാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തങ്ങള്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും എതിരായാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റമുട്ടുന്നിടത്തെല്ലാം എ.ഐ.എം.ഐ.എം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബി.ജെ.പി വിജയിക്കുന്നതിനുള്ള അവസരമൊരുക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തോടുള്ള പ്രതികരണമായിട്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. തെലുങ്കാനയില്‍ ബി.ആര്‍.എസും മജ്‌സിലും ബി.ജെ.പിയുമായി ധാരണയിലാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

‘കോണ്‍ഗ്രസ് പാര്‍ട്ടി പരാജയപ്പെട്ടതിന് മജ്‌ലിസ് പാര്‍ട്ടിയെ കുറ്റം പറയുന്ന സ്ഥലങ്ങളില്‍ ഞങ്ങള്‍ മത്സരിക്കാത്ത സ്ഥലങ്ങള്‍ പോലുമുണ്ട്. സ്വന്തം കഴിവുകേടിന് ഞങ്ങളുടെ പാര്‍ട്ടിയെ കുറ്റം പറയുന്നത് കോണ്‍ഗ്രസിന്റെയും അവരുടെ നേതാക്കളുടെയും ശീലമാണ്. അമേത്തിയില്‍ രാഹുല്‍ ഗാന്ധി തോറ്റതിന് കാരണം അവിടെ മജ്‌ലിസ് പാര്‍ട്ടി മത്സരിച്ചതാണോ? ബി.ജെ.പിയെ തടയാന്‍ കോണ്‍ഗ്രസിന് കഴിയാത്തതിന്റെ കാരണം അവര്‍ ആലോചിക്കണം.

ഞങ്ങള്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെയാണ് മത്സരിക്കുന്നത്. മുസ്‌ലിങ്ങള്‍ ഒരു രാഷ്ട്രീയ ശക്തിയാകുന്നതിനെ ബി.ജെ.പിയും കോണ്‍ഗ്രസും ഇഷ്ടപ്പെടുന്നില്ല. ബി.ജെ.പി മുസ്‌ലിം സമുദായത്തിന്റെ അസ്ഥിത്വം തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് വോട്ടിന് വേണ്ടി സമുദായത്തെ ഉപയോഗിക്കുന്നു. അവര്‍ക്ക് വോട്ട് ചെയ്ത് വീട്ടില്‍ പോയിരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

കോണ്‍ഗ്രസിന്റെ വര്‍ഗീയത പരസ്യമായ ഒന്നാണ്. രാമക്ഷേത്ര നിര്‍മാണത്തിന് വഴിയൊരുക്കിയത് കോണ്‍ഗ്രസാണെന്ന് കമല്‍നാഥ് തന്നെ അവകാശപ്പെട്ടിരിക്കുന്നു. ആത്യന്തികമായി രാമക്ഷേത്ര നിര്‍മാണത്തിന് കാരണമായത് കോണ്‍ഗ്രസ് ഭരണകാലത്ത് ബാബരി മസ്ജിദിന്റെ പൂട്ടുകള്‍ തുറന്നതാണ്. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന കാലത്ത് തന്നെയാണ് ബാബരി മസ്ജിദ് തകര്‍ത്തതും,’ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

തെലുങ്കാനയില്‍ ബി.ആര്‍.എസുമായി സഖ്യം ചേര്‍ന്നാണ് ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി മത്സരിക്കുന്നത്. 2009 മുതല്‍ മജ്‌ലിസ് പാര്‍ട്ടി ജയിക്കുന്ന 7 സീറ്റുകള്‍ ഉള്‍പ്പെടെ 9 ഇടങ്ങളിലാണ് അവര്‍ മത്സരിക്കുന്നത്. എ.ഐ.എം.ഐ.എം ഏറെ സ്വാധീനമുള്ള സംസ്ഥാനം കൂടിയാണ് തെലുങ്കാന.

content highlights: Congress stand that Muslims should vote for them and go home: Asaduddin Owaisi