ന്യൂദല്‍ഹി: വിവേക് അഗ്‌നിഹോത്രിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ദി കശ്മീര്‍ ഫയല്‍സുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല.
വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്നും നിങ്ങള്‍ എത്ര നാള്‍ വിളവ് കൊയ്യുമെന്ന് സുര്‍ജേവാല ചൊവ്വാഴ്ച ചോദിച്ചു.
‘നിങ്ങളുടെ മാതൃസംഘടന 1925ല്‍ തുടങ്ങിയ സ്വാതന്ത്ര്യസമരത്തിനും ബാപ്പുവിനും എതിരായിരുന്നു. നിസ്സഹകരണ പ്രസ്ഥാനമായാലും നിസ്സഹകരണമായാലും ക്വിറ്റ് ഇന്ത്യയായാലും നിങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നു. രാജ്യം സ്വതന്ത്രമായ ദിവസം മുതല്‍ നിങ്ങള്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം സ്വീകരിച്ചു,’ സുര്‍ജേവാല ട്വീറ്റ് ചെയ്തു.
‘കശ്മീരി പണ്ഡിറ്റുകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായപ്പോള്‍ ബി.ജെ.പിക്ക് 85 എം.പിമാരുണ്ടായിരുന്നു. അവരെന്ത് ചെയ്യുകയായിരുന്നു. കേന്ദ്രത്തില്‍ വി.പി. സിംഗ് സര്‍ക്കാര്‍ ആരുടെ പിന്തുണയോടെയാണ് പ്രവര്‍ത്തിച്ചത്?
സുരക്ഷ നല്‍കുന്നതിന് പകരം പണ്ഡിറ്റുകളെ ഓടിപ്പോകാന്‍ ഗവര്‍ണര്‍ ജഗ്‌മോഹന്‍ പ്രേരിപ്പിച്ചതെന്തിനാണ്?’ സുര്‍ജേവാല ചോദിച്ചു. കശ്മീരി പണ്ഡിറ്റുകളുടെ പലായനം നടന്ന 1990 ല്‍ ജഗമോഹന്‍ മല്‍ഹോത്രയായിരുന്നു കശ്മീര്‍ ഗവര്‍ണര്‍. ഇദ്ദേഹം പിന്നീട് വന്ന വാജ്‌പേയ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.
‘ബി.ജെ.പി പിന്തുണയുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കശ്മീരി പണ്ഡിറ്റുകള്‍ പീഡിപ്പിക്കപ്പെടുകയും പലായനം ചെയ്യുകയും ചെയ്തപ്പോള്‍, രാജീവ് ഗാന്ധി പാര്‍ലമെന്റിനെ ‘ഘരാവോ’ ചെയ്യുകയും ശബ്ദമുയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഈ ദുരന്തത്തിന് മൗനാനുവാദം നല്‍കി ബി.ജെ.പി, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രഥയാത്ര നടത്തുകയായിരുന്നു,’ സുര്‍ജേവാല പറഞ്ഞു.
കശ്മീരിനായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തതെല്ലാം എണ്ണിപ്പറഞ്ഞ സുര്‍ജേവാല, കശ്മീരിലെ സ്ഥിതി വീണ്ടും വഷളായെന്നും ഇപ്പോള്‍ അവര്‍ ‘സിനിമ’ കാണിക്കാന്‍ തുടങ്ങിയെന്നും പറഞ്ഞു.
പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ ആസൂത്രിതമായി കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തുന്നതും തുടര്‍ന്നുള്ള അവരുടെ പലായനവുമാണ് ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തെ വിമര്‍ശിച്ചവരെ കടന്നാക്രമിച്ച് നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. സത്യം ബോധപൂര്‍വം മറച്ചുവെക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നാണ് സിനിമകളോട് മോശമായ പ്രതികരണങ്ങള്‍ വരുന്നതെന്ന് ആരോപിച്ചു.
‘സിനിമ മാത്രമല്ല എന്റെ ആശങ്ക. സത്യം ശരിയായ രീതിയില്‍ പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന് പ്രയോജനകരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിന് നിരവധി വശങ്ങളുണ്ടാകും. ചിലര്‍ ഒന്ന് കാണുന്നു, ചിലര്‍ മറ്റെന്തെങ്കിലും കാണുന്നു,’ അദ്ദേഹം പറഞ്ഞു.
‘ഈ സിനിമ ശരിയല്ലെന്ന് കരുതുന്നവര്‍ സ്വന്തമായി സിനിമ ചെയ്യണം. ആരാണ് അവരെ തടയുന്നത്? പക്ഷേ, ഇത്രയും വര്‍ഷമായി തങ്ങള്‍ മറച്ചുവെച്ച സത്യം ആരും പുറത്തുകൊണ്ടുവരാത്തതില്‍ അവര്‍ക്ക് അമ്പരപ്പുണ്ടായിരുന്നു. സത്യത്തിന് വേണ്ടി ജീവിക്കുന്നവര്‍ക്ക് ഈ സമയത്ത് സത്യത്തിനൊപ്പം നില്‍ക്കാന്‍ ബാധ്യതയുണ്ട്,’ മോദി കൂട്ടിച്ചേര്‍ത്തു.
അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, മിഥുന്‍ ചക്രവര്‍ത്തി, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: congress Spokesperson Randeep Singh Surjewala criticizes Prime Minister Narendra Modi’s remarks regarding The Kashmir file.