ന്യൂദല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര അറസ്റ്റില്‍. കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലേക്കുള്ള യാത്രക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് അദ്ദേഹത്തെ ഇറക്കിവിട്ടത്.
പുറത്താക്കപ്പെട്ട അദ്ദേഹത്തെ ദല്‍ഹി വിമാനത്താവളത്തില്‍ വെച്ച് അസം പൊലീസാണ് അറസ്റ്റ് ചെയ്തത്. ബോര്‍ഡിങ് പാസെടുത്ത് വിമാനത്തില്‍ കയറിയ ശേഷമാണ് അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് പുറത്താക്കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ലഗേജ് പരിശോധിക്കണമെന്നായിരുന്നു ആവശ്യം. കേസുള്ളതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്നും ഇന്‍ഡിഗോ വിമാന കമ്പനി അറിയിച്ചു.
നേതാവിനെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയതോടെ അതേ വിമാനത്തിലുണ്ടായിരുന്ന 50ഓളം പ്രവര്‍ത്തകര്‍ വിമാനത്തില്‍ നിന്നിറങ്ങി പ്രതിഷേധിച്ചു. വിമാനത്തിനു തൊട്ടടുത്തിരുന്ന് മുദ്രാവാക്യം വിളിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്. കാരണമില്ലാതെയാണു ഖേരയ്‌ക്കെതിരെ നടപടിയെന്നു കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ പവന്‍ ഖേരയ്‌ക്കെതിരെ യു.പി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അദാനി വിഷയവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം.
‘എന്റെ കയ്യില്‍ ഹാന്‍ഡ് ബാഗേജ് മാത്രമെ ഉണ്ടായിരുന്നുള്ളു. അതില്‍ പ്രശ്‌നമുണ്ടെന്നും അതുകൊണ്ട് നിങ്ങള്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞു. എന്നിട്ട് ഡി.സി.പി എന്നെ കാണാന്‍ വരുമെന്ന് അവര്‍ അറിയിച്ചു. അതിനായി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറേ നേരമായി. ഒരു നടപടിയും കാണാന്‍ ഇല്ല,’ പവന്‍ ഖേര പറഞ്ഞു.
കഴിഞ്ഞദിവസം, നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നതിനു പകരം നരേന്ദ്ര ഗൗതംദാസ് എന്നായിരുന്നു ഖേര പറഞ്ഞത്. പ്രധാനമന്ത്രിയുടെ പേരില്‍ ദാമോദര്‍ദാസ് ആണോ ഗൗതംദാസ് ആണോ ഉള്ളതെന്ന് സമീപം ഇരുന്നയാളോടാണ് ഖേര ചോദിച്ചത്. ദാമോദര്‍ദാസ് ആണെന്ന് മറുപടി ലഭിച്ചപ്പോള്‍ പേരില്‍ ദാമോദര്‍ദാസ് ആണെങ്കിലും പ്രവൃത്തി ഗൗതംദാസിന്റേതാണെന്നായിരുന്നു ഖേര പറഞ്ഞത്. പരാമര്‍ശം ആക്ഷേപകരമാണെന്നു കാട്ടി ലക്‌നൗവിലെ ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റര്‍ ചെയ്തത്.
content highlight: Congress spokesperson Pawan Khera, who was kicked out of the plane for criticizing Modi, has been arrested