ന്യൂദല്‍ഹി: പാര്‍ട്ടി വിട്ട ഗുലാം നബി ആസാദിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് വാക്താവ് ജയ്‌റാം രമേശ്. ആസാദ് കോണ്‍ഗ്രസിനെ ഒറ്റുകൊടുത്തുവെന്നും അദ്ദേഹത്തിന്റെ ഡി.എന്‍.എ ‘മോദി-ഫൈ’ (മോഡിഫൈ-പരിഷ്‌ക്കരണം) ചെയ്യപ്പെട്ടുവെന്നും ജയറാം രമേശ് ആരോപിച്ചു. ട്വീറ്റിലൂടെയായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.
‘കോണ്‍ഗ്രസ് നേതൃത്വം വലിയ ബഹുമാനത്തോടെ കണ്ടിരുന്ന ഒരു വ്യക്തി തന്റെ നികൃഷ്ടമായ വ്യക്തിപരമായ ആക്രമണങ്ങളാല്‍ പാര്‍ട്ടിയെ ഒറ്റിക്കൊടുത്തു, അത് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തുന്നു. ജി.എന്‍.എ(ഗുലാം നബി ആസാദ്)യുടെ ഡി.എന്‍.എ മോദി-ഫൈ ചെയ്യപ്പെട്ടു,’ ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.
അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് പ്രഖ്യാപിച്ചു. ‘ഞാന്‍ ജമ്മു കശ്മീരിലേക്കു പോകും. സംസ്ഥാനത്ത് എന്റെ സ്വന്തം പാര്‍ട്ടിയുണ്ടാക്കും. പിന്നീട് അതിന്റെ ദേശീയ സാധ്യതകളെക്കുറിച്ച് പരിശോധിക്കും,’ ആസാദ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തികൊണ്ടാണ് ഗുലാം നബി ആസാദിന്റെ പാര്‍ട്ടി വിടല്‍. രാഹുല്‍ ഗാന്ധിയുടേത് പക്വതയില്ലാത്തതും ഉള്‍പാര്‍ട്ടി ജനാധിപത്യം സൂക്ഷിക്കാത്തതുമായ സമീപനമാണെന്ന് ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു.
A man who has been treated by the greatest respect by the Congress leadership has betrayed it by his vicious personal attacks which reveals his true character. GNA’s DNA has been modi-fied.
— Jairam Ramesh (@Jairam_Ramesh) August 26, 2022
സോണിയ ഗാന്ധി മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ട പിന്തുണയും പരിഗണനയും നല്‍കിയിരുന്നുവെന്നും ഇത് മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കാന്‍ സഹായിച്ചിരുന്നുവെന്നും, എന്നാല്‍ രാഹുല്‍ ഗാന്ധി വന്ന ശേഷം അതിലെല്ലാം മാറ്റം വന്നെന്നുമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
അഞ്ച് പേജുള്ള രാജിക്കത്താണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയത്.
ഏറെക്കാലമായി താന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. മുതിര്‍ന്ന നേതാക്കളുടെ തീരുമാനങ്ങളെ അംഗീകരിക്കാനും അവ മനസിലാക്കാനും സോണിയ ഗാന്ധി നടത്തിയ ഇടപെടലാണ് ഒന്നാം യു.പി.എ സര്‍ക്കാരും രണ്ടാം യു.പി.എ
സര്‍ക്കാരുമുണ്ടാകാന്‍ വഴിവെച്ചതെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
2013ല്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയിലേക്കുള്ള വരവിന് ശേഷമാണ് കോണ്‍ഗ്രസില്‍ കാര്യമായ വീഴ്ചകളുണ്ടായതെന്നും ഗുലാം നബി ആസാദ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
CONTENT HIGHLIGHTS: Congress spokesperson Jairam Ramesh severely criticized Ghulam Nabi Azad who left the party