ചാനല്‍ ചര്‍ച്ചയ്ക്കിടെ ബി.ജെ.പിയ്‌ക്കെതിരെ ആരോപണമുന്നയിച്ചതിന് ന്യൂസ് 18 അവതാരകന്‍ അടിച്ചതായി കോണ്‍ഗ്രസ് വക്താവ്- വീഡിയോ കാണാം
National Politics
ചാനല്‍ ചര്‍ച്ചയ്ക്കിടെ ബി.ജെ.പിയ്‌ക്കെതിരെ ആരോപണമുന്നയിച്ചതിന് ന്യൂസ് 18 അവതാരകന്‍ അടിച്ചതായി കോണ്‍ഗ്രസ് വക്താവ്- വീഡിയോ കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd May 2018, 12:29 pm

 

ന്യൂദല്‍ഹി: ചാനല്‍ ചര്‍ച്ചയ്ക്കിടെ ബി.ജെ.പിയ്‌ക്കെതിരെ ആരോപണമുന്നയിച്ചതിന് ന്യൂസ് 18 അവതാരകന്‍ അടിച്ചതായി കോണ്‍ഗ്രസ് വക്താവ് രാജീവ് ത്യാഗി. “രാഹുല്‍ കാ ഹാത്ത് ബിമാര്‍ ലാലു കേ സാത്” എന്ന തലക്കെട്ടിലുള്ള സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാഫേല്‍ കരാര്‍, ജഡ്ജി ലോയയുടെ മരണം, അമിത് ഷായുടെ മകന്റെ വിഷയം എന്നിവ കൂടി ചാനല്‍ ചര്‍ച്ചകളില്‍ വിഷയമായി കൊണ്ടുവരണമെന്ന് അവതാരകനായ സുമിത് അശ്വതിയോട് ത്യാഗി ആവശ്യപ്പെട്ടിരുന്നു. ഇതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

ഇതോടെ രോഷാകുലനായ അവതാരകന്‍ ത്യാഗിയെ ടി.വി ഫ്രയിമില്‍ നിന്നും ഒഴിവാക്കാന്‍ ടീമിനോട് ആവശ്യപ്പെടുകയായിരുന്നു. “ഇയാളെ സ്‌ക്രീനില്‍ നിന്നും പുറത്താക്കൂ” എന്നാണ് അവതാരകന്‍ ആവശ്യപ്പെട്ടത്.

തുടര്‍ന്ന് കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ തുടങ്ങിയ ത്യാഗിയോട് അവിടെയിരിക്കൂവെന്ന് ആജ്ഞാപിച്ചുകൊണ്ട് അടിക്കുകയായിരുന്നു. “ഈ നാടകം ഞാന്‍ അനുവദിക്കില്ല. പോയി ഇരിക്കൂ” എന്നും സുമിത് പറയുന്നുണ്ടായിരുന്നു.

“നിങ്ങള്‍ എന്നെ അടിച്ചു, നിങ്ങള്‍ക്കു മുമ്പില്‍ ഞാനൊരു കണ്ണാടി വെച്ചതിന് നിങ്ങള്‍ എന്നെ അടിച്ചു സുമിത് അശ്വതി” എന്ന് ത്യാഗി പറയുന്നുണ്ടായിരുന്നു.


Also Read: ‘ധൈര്യമുണ്ടോ തെന്നിന്ത്യന്‍ സിനിമകളില്‍ നിന്ന് കൂടി എന്നെ ഒഴിവാക്കാന്‍’ മോദി സര്‍ക്കാറിന്റെ പ്രതികാര നടപടിയ്ക്ക് പ്രകാശ് രാജിന്റെ കിടിലന്‍ മറുപടി


സംഭവം ദൗര്‍ഭാഗ്യകരമെന്ന് ത്യാഗി പ്രതികരിച്ചു. ” ജനങ്ങളെ വലിയ തോതില്‍ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നാണ് മാധ്യമങ്ങളോട് എനിക്കു പറയാനുള്ളത്. രാജ്യത്ത് ഏറ്റവുമധികം യുവാക്കളുള്ള രാജ്യമാണ് ഇന്ത്യ. അവരുടെ ജോലിയുടെ കാര്യം എന്തായി? 2014ലെ പ്രകടനപത്രികയില്‍ ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങള്‍ എന്തായി?” എന്നും അദ്ദേഹം ചോദിച്ചു.

വരുംദിവസങ്ങളില്‍ ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ച സംഘടിപ്പിക്കാനുള്ള അര്‍പ്പണബോധമുണ്ടാവണമെന്ന് ഹസ്തദാനം നല്‍കിക്കൊണ്ട് സുമിത് അശ്വതിയോട് പറയുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ അവതാരകന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍സ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ഗ്രൂപ്പിനു കീഴിലാണ് ന്യൂസ് 18 ഇന്ത്യ എന്ന ഹിന്ദി ചാനല്‍.