ഗുവാഹത്തി: അസമില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരായ പീഡനക്കേസുകളുടെ തല്‍സ്ഥിതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വക്താവ് അറസ്റ്റില്‍.
റീതം സിങ്ങാണ് അറസ്റ്റിലായത്. ഭാബേഷ് കലിത, എം.എല്‍.എ മനാബ് ദേക, മുന്‍ മന്ത്രി രാജന്‍ ഗൊഹെയ്ന്‍ എന്നിവര്‍ക്കെതിരായ കേസുകളില്‍ ചോദ്യം ഉന്നയിച്ചതിനാണ് റീതത്തെ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ബി.ജെ.പി നേതാക്കള്‍ക്കെതിരായ അന്വേഷണങ്ങളില്‍ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് വക്താവ് എക്സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
2021ല്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ പ്രതികളായവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചോ ഇല്ലയോ എന്നാണ് റീതം ചോദിച്ചത്. ഒരേ കേസിലാണ് മൂന്ന് ബി.ജെ.പി നേതാക്കളും അന്വേഷണം നേരിടുന്നത്.
തുടര്‍ന്ന് ഇന്ന് (ശനി) റീതത്തിന്റെ വസതിയിലെത്തി ലഖിംപൂര്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. മനാബ് ദേകയുടെ പങ്കാളി നല്‍കിയ പരാതിയെ തുടര്‍ന്നാണ് റീതം സിങ്ങിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് മിഹിര്‍ജിത് ഗയാന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
സംഭവത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും ലോക്‌സഭാ പ്രതിപക്ഷ ഉപനേതാവായ ഗൗരവ് ഗൊഗോയ് രംഗത്തെത്തി. അസം മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ദുരുപയോഗം ചെയ്യുകയാണെന്ന് പറഞ്ഞ ഗോഗോയ്, റീതത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും എക്സില്‍ പ്രതികരിച്ചു.
നിയമത്തിനും കോടതിക്കും വിരുദ്ധമായ നീക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി സംസ്ഥാന പൊലീസിനെ നിര്‍ബന്ധിക്കുന്നതായി ഗൊഗോയ് ആരോപിച്ചു. ഹിമാന്തയുടെ രാഷ്ട്രീയ പ്രേരണകളാല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാക്ക് റെക്കോഡ് തരംതാഴ്ന്നുപോയെന്നും സംസ്ഥാനത്തെ ജനങ്ങള്‍ ഇതെല്ലം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാറണ്ടോ മറ്റ് നോട്ടീസുകളോ സാക്ഷ്യപ്പെടുത്താതെയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തതെന്ന് റീതം സിങ്ങും പ്രതികരിച്ചു.
Content Highlight: Congress spokesperson arrested in Assam after asking about investigation into abuse case against BJP leaders