| Wednesday, 18th October 2023, 12:55 pm

മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവഗണിക്കുന്നു: സമാജ്‌വാദി പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തങ്ങളെ പരിഗണിക്കുന്നില്ലെന്ന ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി. ഇന്ത്യ സഖ്യത്തില്‍ ആയിരുന്നിട്ടും എസ്.പിയോടുള്ള അവഗണന ഉത്തര്‍പ്രദേശിലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെയും സാരമായി ബാധിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. പ്രഖ്യാപിച്ച സീറ്റുകള്‍ വിട്ടുനല്‍കണമെന്നാണ് എസ്.പി നേതാക്കള്‍ ആവശ്യപ്പെടുന്നത്.

ഉത്തര്‍പ്രദേശിനോട് അതിര്‍ത്തി പങ്കിടുന്ന മധ്യപ്രദേശിലെ ചില മണ്ഡലങ്ങളില്‍ ശക്തമായ മേല്‍ക്കൈയുള്ള എസ്.പി കോണ്‍ഗ്രസുമായി സംസ്ഥാനത്ത് സഖ്യം ചേരാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ നിലപാട് വ്യക്തമാക്കുമെന്നാണ് നേതാക്കള്‍ പറഞ്ഞത്.

നേരത്തെ എസ്.പി ഏഴ് സീറ്റുകളിലേക്കായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. അതേസമയം അതിലെ നാല് മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

സഖ്യത്തിലെ വലിയ കക്ഷിയായ കോണ്‍ഗ്രസ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പരാജയപ്പെട്ടതായി എസ്.പിയുടെ ദേശീയ നേതാവ് സുനില്‍ സിങ് യാദവ് പറഞ്ഞു.

ദേശീയ തലത്തില്‍ ഈ കാരണങ്ങള്‍ പ്രശ്‌നമാവുകയില്ലെന്നും എന്നാല്‍ സംസ്ഥാനത്തില്‍ കോണ്‍ഗ്രസ് നിലപാടുകള്‍ അനുസരിച്ച് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഒമ്പത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 35-40 ഓളം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യ സഖ്യം ദേശീയ തലത്തില്‍ മാത്രമാണോ അതോ സംസ്ഥാന തലത്തിലും ഉണ്ടോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം.

ഇല്ലെങ്കില്‍ ഭാവിയില്‍ ഒരു സംസ്ഥാനങ്ങളിലും സഖ്യമുണ്ടാവില്ല. 2024 ലെ യു.പി തെരഞ്ഞെടുപ്പില്‍ എസ്.പി സീറ്റ് പങ്കിടുന്നുണ്ടെന്ന വ്യാജ വാര്‍ത്തകള്‍ ഞാന്‍ കാണുന്നുണ്ട്. എന്നാല്‍ യു.പിയിലെ 80 സീറ്റുകളിലും ബി.ജെ.പിയെ ഇല്ലാതാക്കുന്ന മത്സരം ഞങ്ങള്‍ കാഴ്ചവെക്കും. അതിന്റെ ഉത്തരവാദിത്തം എനിക്കാണ്,’ സമാജ്‌വാദി അധ്യക്ഷന്‍ അഭിലാഷ് യാദവ് പറഞ്ഞു.

എസ്.പി നേതാവ് രാജേഷ് ശുക്ല വിജയിച്ച മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതാണ് തുറന്ന രാഷ്ട്രീയ പോരിന് കാരണമായത്. തുടര്‍ന്ന് ഒമ്പത് മണ്ഡലങ്ങളിലേക്കായി സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.

അനുനയത്തിനായി വിവിധ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് പറഞ്ഞു. ചില പൊരുത്തക്കേടുകള്‍ ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കാന്‍ കഴിയുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Congress-SP Talks Break Down in Madhyapradesh

We use cookies to give you the best possible experience. Learn more