''നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നും ഞങ്ങള്‍ക്കറിയേണ്ട''; അറിയേണ്ടത് ഇതാണ്; മോദിക്കെതിരെ ദിവ്യ സ്പന്ദന
IAF strikes in PoK
''നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നും ഞങ്ങള്‍ക്കറിയേണ്ട''; അറിയേണ്ടത് ഇതാണ്; മോദിക്കെതിരെ ദിവ്യ സ്പന്ദന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th February 2019, 2:06 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദന.

“നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നും അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും അറിയേണ്ടത് വിംഗ് കമാന്ററെ എപ്പോള്‍ സുരക്ഷിതനായി നാട്ടില്‍ തിരിച്ചെത്തിക്കുമെന്നാണ്”എന്നായിരുന്നു ദിവ്യ ട്വിറ്ററില്‍ കുറിച്ചത്.

സ്വന്തം ഫിറ്റ്‌നെസിനെ കുറിച്ച് പറയാന്‍ ട്വിറ്ററില്‍ ഓടിയെത്തുന്ന മോദി ഇന്നലെ കാണാതായ സൈനികനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. തിരിച്ചടിച്ച സൈന്യത്തെ അഭിനന്ദിക്കാന്‍ മാത്രമാണ് മോദി തയ്യാറായത്. എന്നാല്‍ ആക്രമണത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ നഷ്ടമായവരെ കുറിച്ച് എന്തെങ്കിലും പറയാനോ അവരുടെ ജീവത്യാഗത്തില്‍ അപലപിക്കാനോ മോദി തയ്യാറായിട്ടില്ല- ദിവ്യ സ്പന്ദന പറയുന്നു.

അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ തടവിലാക്കിയിരിക്കുന്ന ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ കുറിച്ചും ഇദ്ദേഹത്തിനൊപ്പം കാണാതായ മറ്റൊരു സൈനികനെ കുറിച്ചുമായിരുന്നു ദിവ്യയുടെ പ്രതികരണം.

“”യെദിയൂരപ്പ പറയുന്നത് അവര്‍ യുദ്ധം കൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കുമെന്നാണ്. ഒരു വാക്ക് കൊണ്ടും ഈ വൃത്തികേടിനെ വിശദീകരിക്കാനാകില്ല. ഇന്ത്യയിലെ ജനങ്ങള്‍ ഇതില്‍ ബി.ജെ.പിക്ക് ഒരിക്കലും മാപ്പ് നല്‍കില്ലെന്നും “” ദിവ്യ സ്പന്ദന ട്വിറ്ററില്‍ വ്യക്തമാക്കി.


വിങ് കമാന്‍ഡര്‍ അഭിനന്ദനെ തിരിച്ചെത്തിക്കാന്‍ നയതന്ത്രനീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ


അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാക് വിമാനങ്ങളെ പിന്തുടരുന്നതിന് ഇടയിലാണ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ വിമാനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. വിമാനത്തില്‍ നിന്ന് ഉടന്‍ സ്വയം ഇജക്ട് ചെയ്ത അഭിനന്ദന്‍ വനമേഖലയില്‍ പതിക്കുകയായിരുന്നു.

അവന്തിപ്പുര വ്യോമതാവളത്തില്‍ നിന്നാണ് അഭിനന്ദന്റെ വിമാനം പറന്നുയരുന്നത്. സുഖോയ് 30 എം.കെ.ഐ വിമാനത്തിന്റെ പൈലറ്റായി തുടങ്ങിയ അഭിനന്ദന്‍ പിന്നീടാണ് മിഗ് 21 ബൈസണ്‍ സ്‌ക്വാഡ്രന്റെ ഭാഗമാകുന്നത്.