|

'മോദിയുടെ മിത്രങ്ങള്‍, എ1 അദാനി എ2 അംബാനി'; രാഹുലിന്റെ പരാമര്‍ശം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024 കേന്ദ്ര ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍. അദാനിയും അംബാനിയും മോദിയുടെ മിത്രങ്ങളാണെന്നും അവരെ യഥാക്രമം എ1, എ2 എന്ന് വിളിക്കാമെന്നും ഹാന്‍ഡിലുകള്‍ പറയുന്നു. കേന്ദ്ര ബജറ്റ് ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ വെട്ടിലാക്കിയതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനവും.

‘പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തില്‍ കുരുക്കുകയാണ്. ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും അടക്കമുള്ള ആറ് പേരാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രവൃത്തികളെല്ലാം ഈ വന്‍കിട വ്യവസായികളെ സംരക്ഷിക്കാന്‍ ഉള്ളതാണ്,’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. തുടര്‍ന്ന് പ്രകോപിതനായ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള രാഹുലിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

സഭയില്‍ ഇല്ലാത്തവരെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കേണ്ടതില്ല എന്നാണ് ഓം ബിര്‍ള പറഞ്ഞത്. ഇതിനുപിന്നാലെ എ1, എ2 എന്ന് പറയാന്‍ കഴിയുമോയെന്ന് ചോദ്യമുയര്‍ത്തി രാഹുല്‍ സ്പീക്കറെ പ്രതിരോധിക്കുകയും ചെയ്തു. ഈ സംഭവത്തെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ലോക്‌സഭയിലെ രാഹുലിന്റെ ഹല്‍വ പരാമര്‍ശവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കേന്ദ്ര ബജറ്റ് ഒരു ഹല്‍വയായിരുന്നെന്നും അതിന്റെ 97 ശതമാനവും ലഭിച്ചത് എ1, എ 2 ഉള്‍പ്പെടയുള്ള മിത്രങ്ങള്‍ക്കാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ബാക്കിയുള്ള മൂന്നില്‍ ഓരോ ശതമാനം വീതം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്കും ലഭിച്ചെന്നുമാണ് രാഹുല്‍ പറഞ്ഞത്.

ധനമന്ത്രി നിര്‍മല സീതാരാമന്‍ ഹല്‍വ പാകം ചെയ്യുന്ന ചിത്രം ഉയര്‍ത്തിക്കൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം.

ഇന്ത്യയെ പിടിച്ചടക്കിയ ചക്രവ്യൂഹത്തിന് പിന്നില്‍ മൂന്ന് ശക്തികളുണ്ട്. കുത്തകമുതലാളിമാരും, സി.ബി.ഐ, ഇ.ഡി, ആദായനികുതി വകുപ്പ് അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളും രാഷ്ട്രീയ ശക്തികളുമാണ് ആ മൂന്നില്‍ ഉള്‍പ്പെടുന്നതെന്നാണ് രാഹുല്‍ പറഞ്ഞത്. ഈ ചക്രവ്യൂഹം രാജ്യത്തെ ജനാധിപത്യത്തെ തകര്‍ക്കുകയാണെന്നും രാഹുല്‍ കേന്ദ്ര ബജറ്റ് ചര്‍ച്ചയില്‍ പറഞ്ഞു.

Content Highlight: Congress social media handles took on the remarks made by Leader of Opposition Rahul Gandhi during the 2024 Union Budget debate