| Wednesday, 15th April 2020, 5:35 pm

'ആദ്യം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന പ്രചാരണം', ബാന്ദ്രയില്‍ നടന്നത് രാഷ്ട്രീയ ഗൂഡാലോചന; ബി.ജെ.പിക്കെതിരെ ഒളിയമ്പുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബാന്ദ്ര റെയില്‍വേ സ്‌റ്റേഷന് സമീപം നാട്ടിലേക്ക് മടങ്ങണം എന്ന ആവശ്യമുന്നയിച്ച് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ സംഘടിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയെന്ന് കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ക്യാമ്പയിന് പിന്നാലെയാണ് തൊഴിലാളികളോട് സംഘടിക്കാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നതെന്ന് കോണ്‍ഗ്രസ് നേതാവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ അശോക് ചവാന്‍ പറഞ്ഞു.

സോഷ്യല്‍മീഡിയയില്‍ നടന്ന പ്രചരണത്തിന് പിന്നില്‍ ആരാണെന്ന കാര്യം സര്‍ക്കാര്‍ അന്വേഷിക്കുകയാണെന്നും ചവാന്‍ അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം ബാന്ദ്ര സ്റ്റേഷനില്‍ കുടിയേറ്റ തൊഴിലാളികള്‍ സംഘടിച്ചതിന്റെ പിന്നിലുള്ള എല്ലാക്കാര്യങ്ങളും ഞങ്ങള്‍ അന്വേഷിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്തും. മഹാരാഷ്ട്രയില്‍ രാഷ്ട്രപതിയുടെ ഭരണം നടപ്പാക്കണമെന്നായിരുന്നു ആദ്യമുണ്ടായ പ്രചരണം. അതുകൊണ്ടുതന്നെ നടന്നത് രാഷ്ട്രീയ ഗൂഡാലോചനയാണെന്നാണ് ഞങ്ങള്‍ കരുതുന്നത്’, അശോക് ചവാന്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രികൂടിയായ ചവാന്‍, ചൊവ്വാഴ്ചത്തെ സംഭവം വളരെ ഗൗരവമുള്ളതാണെന്നും ഇത് പോലീസ് നന്നായി കൈകാര്യം ചെയ്തില്ലെങ്കില്‍ തെറ്റായ മുദ്രകുത്തല്‍ നടക്കുമെന്നും അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റും റവന്യൂ മന്ത്രിയുമായ ബാലാസാഹേബ് തൊറാട്ടും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more