| Thursday, 18th February 2021, 6:01 pm

ബേട്ടി ബച്ചാവോ ഒരു മുന്നറിയിപ്പാണ്, യോഗിയുടെ ഭരണത്തില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന മുന്നറിയിപ്പ്: ഉന്നാവോ സംഭവത്തില്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ. പെണ്‍കുട്ടികള്‍ യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ സുരക്ഷിതരല്ലെന്ന മുന്നറിയിപ്പാണ് ഉന്നാവോ സംഭവവും തെളിയിക്കുന്നതെന്ന് അല്‍ക്ക പറഞ്ഞു.

‘ബി.ജെ.പിയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ മുദ്രാവാക്യം ഒരു മുന്നറിയിപ്പാണ്. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കൂവെന്ന മുന്നറിയിപ്പ്’, അല്‍ക്ക പറഞ്ഞു.

2017 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പ്രചരണത്തിന് മുന്‍കൈ എടുത്തിരുന്നു. സമാജ് വാദി പാര്‍ട്ടി ഭരണത്തിന്‍ കീഴില്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെപ്പറ്റിയായിരുന്നു അതെന്നും എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ആര് ഉത്തരം പറയുമെന്നും അല്‍ക്ക ചോദിച്ചു.

‘ഹാത്രാസിന് ശേഷം മറ്റൊരു ക്രൂരകൃത്യം കൂടി യു.പിയിലെ ഉന്നാവോയില്‍ നടന്നിരിക്കുന്നു. യോഗി ഭരണകൂടം ഒരു തോല്‍വിയാണ്. പെണ്‍കുട്ടികള്‍ക്ക് ഒരു ശാപമായി മാറിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍’, അല്‍ക്ക ലാംബ പറഞ്ഞു.

ക്രൂരകൃത്യം നടത്തിയ പ്രതികള്‍ സംസ്ഥാനത്ത് സ്വതന്ത്രമായി നടക്കുമ്പോള്‍ ഇരയുടെ മാതാപിതാക്കള്‍ നീതിയ്ക്കായി പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങുകയാണന്നും അല്‍ക്ക പറഞ്ഞു.

അതേസമയം ഉന്നാവോയിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടും യുപിയില്‍ നിന്നുള്ള എം.പിയും കേന്ദ്ര വനിതാ ശിശുവികസന മന്ത്രി കൂടിയായ സ്മൃതി ഇറാനി എന്താണ് ഒന്നും മിണ്ടാത്തതെന്നു അല്‍ക്ക ചോദിച്ചു.

ഫെബ്രുവരി 17നാണ് ഉന്നാവോയില്‍ രണ്ട് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെണ്‍കുട്ടികളുടെ കാലുകളും കൈകളും കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. പതിമൂന്നും പതിനാറും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പശുക്കള്‍ക്ക് കൊടുക്കാനുള്ള പുല്ല് പറിക്കാനായി പോയ പെണ്‍കുട്ടികശളെ കാണാതാവുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ ഗോതമ്പ് പാടത്ത് നിന്ന് കണ്ടെത്തിയത്.

പെണ്‍കുട്ടികളില്‍ വിഷം ഉള്ളില്‍ ചെന്നതായാണ് പ്രാഥമിക നിഗമനം. വായില്‍ നിന്ന് നുര പുറത്തുവന്നിട്ടുണ്ടെന്ന് പെണ്‍കുട്ടികളെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Congress Slams Yogi Aditya Nath On Unnnao Incident

We use cookies to give you the best possible experience. Learn more