| Friday, 21st April 2023, 11:31 pm

അഴിമതി വീരന്മാരെ ആശീര്‍വദിക്കുന്ന മോദി; ഈശ്വരപ്പയെ ഫോണ്‍ വിളിച്ച മോദിക്കെതിരെ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ പാര്‍ട്ടിയോട് ഇടഞ്ഞ മുതിര്‍ന്ന ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പയെ ഫോണില്‍ വിളിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. മന്ത്രിയായിരിക്കെ അഴിമതിക്കേസില്‍ വിചാരണ നേരിടുകയും പിന്നീട് രാജി വെക്കുകയും ചെയ്ത വ്യക്തിയെ അനുനയിപ്പിക്കാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി നേരിട്ട് രംഗത്തെത്തിയത് ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

വിവാദങ്ങള്‍ക്കിടയിലും പാര്‍ട്ടി വിടാതിരുന്ന ഈശ്വരപ്പെയെ അഭിന്ദിച്ച മോദി അഴിമതിക്കാരെ പോത്സാഹിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

‘കര്‍ണാടകയിലെ അഴിമതി വീരന്‍മാര്‍ക്ക് മുകളില്‍ മോദിയുടെ ആശീര്‍വാദം. കര്‍ണാടകയിലെ 40 ശതമാനം കമ്മീഷന്‍ (സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാനായി 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടെന്ന ആരോപണം ഈശ്വരപ്പക്കെതിരെ ഉയര്‍ന്ന് വന്നിരുന്നു) വാങ്ങിയ ബി.ജെ.പി നേതാവ് ഈശ്വരപ്പയെ മോദി നേരിട്ട് വിശേഷം തിരിക്കിയിരിക്കുന്നു.

അഴിമതിക്കാരോട് പ്രധാനമന്ത്രിക്ക് അത്ര വേര്‍തിരിവൊന്നുമില്ലെന്ന ബി.ജെ.പി അനുയായിയായ സത്യപാല്‍ മാലിക്കിന്റെ വാക്കുകള്‍ ശരിവെക്കുന്നതാണ് മോദിയുടെ പ്രവര്‍ത്തി,’ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

വിഷയത്തില്‍ സമാന പ്രതികരണവുമായി കര്‍ണാകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് എം.പി രണ്‍ദീപ് സുര്‍ജേവാലയും രംഗത്തെത്തിയിട്ടുണ്ട്. അഴിമതിക്കാരോട് പരസ്യമായ പിന്തുണ പ്രഖ്യാപിച്ച മോദി രാഷ്ട്രീയത്തിന് മുകളില്‍ പ്രവര്‍ത്തകരുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കില്ലെന്ന് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യന്‍ ജനാധിപത്യത്തില കറുത്ത ദിനമാണിന്ന്. 40 ശതമാനം കമ്മീഷന്‍ വാങ്ങിയ അഴിമതിക്കാരനോടുള്ള തന്റെ പിന്തുണ അദ്ദേഹം അറിയിച്ചു കഴിഞ്ഞു. പാര്‍ട്ടി നിലനില്‍പ്പിനപ്പുറത്തേക്ക് പ്രവര്‍ത്തകരുടെ ജീവന് യാതൊരു വിലയുമില്ലെന്ന് മോദി തെളിയിച്ചിരിക്കുന്നു. ബി.ജെ.പിയില്‍ നിന്ന് പോകാത്തതിന് ഈശ്വരപ്പെയെ വിളിച്ച് മോദി നന്ദി പറഞ്ഞിരിക്കുകയാണ്.

ഇതേ ഈശ്വരപ്പയാണ് മന്ത്രിയായിരിക്കെ സന്തോഷ് പാട്ടീലെന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ കയ്യില്‍ നിന്ന് 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ട് അയാളെ ആത്മഹത്യയിലേക്ക് തള്ളി വിട്ടത്. അദ്ദേഹത്തിന്റെ വിധവയോട് ഇന്നുവരെ സംസാരിക്കാന്‍ മോദി തയ്യാറായിട്ടുണ്ടോ? ,’ സുര്‍ജേവാല പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

മേയ് പത്തിന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് മുതിര്‍ന്ന നേതാവായിരുന്ന കെ.എസ്. ഈശ്വരപ്പ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞത്. ശിവമോഗ സിറ്റിങ് എം.എല്‍.എയായ ഈശ്വരപ്പക്ക് പകരം ഇത്തവണ ചന്നബസപ്പയെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്.

ഇതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്ന ഈശ്വരപ്പയെ അനുനയിപ്പിക്കാനാണ് മോദി നേരിട്ട് ഫോണ്‍ വിളിച്ചത്. ഇതിന് പിന്നാലെ രൂക്ഷമായ പ്രതിഷേധമാണ് ബി.ജെ.പിക്കെതിരെ ഉയരുന്നത്.

Content Highlight: congress slams prime minster on calling eashwarappa

Latest Stories

We use cookies to give you the best possible experience. Learn more