| Monday, 13th March 2023, 9:04 am

'നിങ്ങള്‍ ഒരു പ്രധാനമന്ത്രി മാത്രമാണ് ഹേ, ദൈവമൊന്നുമല്ല; മോദിയുടെ നയങ്ങള്‍ വിമര്‍ശിക്കുന്നത് എന്ന് മുതലാണ് രാജ്യത്തോടുള്ള വിമര്‍ശനമായത്: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന പരാമര്‍ശങ്ങള്‍ രാജ്യത്തെയും ജനങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. രാജ്യത്തെ ജനാധിപത്യം കടുത്ത പ്രതിസന്ധി നേരിടുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ലണ്ടന്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തെ ജനങ്ങളെയും സംസ്‌കാരത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്നും മോദി പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

പ്രധാനമന്ത്രിയുടെ നയങ്ങളെ വിമര്‍ശിക്കുന്നത് എന്ന് മുതലാണ് രാജ്യത്തെ അപമാനിക്കുന്നതായി മാറിയതെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുചോദ്യം.

‘നിങ്ങളുടെ നയങ്ങളെ വിമര്‍ശിക്കുന്നത് എന്ന് മുതലാണ് രാജ്യത്തിനെതിരെയുള്ള വിമര്‍ശനമായി മാറിയത്?പൂര്‍വികരെ അപമാനിച്ച് രാജ്യത്തിന്റെ ഒമ്പത് വര്‍ഷങ്ങള്‍ നിങ്ങള്‍ നശിപ്പിച്ചു,’ കോണ്‍ഗ്രസ് നേതാവും, കോണ്‍ഗ്രസ് മീഡിയ സെല്‍ മേധാവിയുമായ പവന്‍ ഖേര ട്വിറ്ററില്‍ കുറിച്ചു.

’70 വര്‍ഷത്തിനിടയില്‍ രാജ്യത്ത് ഒന്നും സംഭവിച്ചിട്ടില്ല എന്ന് നിങ്ങള്‍ പറഞ്ഞത് വഴി അപമാനിക്കപ്പെട്ടത് മൂന്ന് തലമുറയാണ്. അന്ന് നിങ്ങള്‍ക്ക് എന്തേ ഈ രാജ്യത്തിന്റെ പ്രതിച്ഛായയെ കുറിച്ച് ബോധമില്ലാതിരുന്നത്? മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണുരുട്ടുമ്പോഴും, വിദേശ മാധ്യമസ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുമ്പോഴും ഈ പ്രയാസം കണ്ടിട്ടില്ലല്ലോ.

മിസ്റ്റര്‍ പ്രധാനമന്ത്രി, നിങ്ങളാണ് ഈ രാജ്യത്തെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് ആ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതും. കാംബ്രിഡ്ജ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെങ്കില്‍ അത് തന്നെയാണ് ജനാധിപത്യത്തെ ശാക്തീകരിക്കാനുള്ള ഏറ്റവും വലിയ ആയുധവും.

നിങ്ങള്‍ നിങ്ങളെ കുറിച്ച് തന്നെ എന്തൊക്കെയോ വിചാരിച്ചു വെച്ചിട്ടുണ്ട്. നിങ്ങള്‍ വെറുമൊരു പ്രധാനമന്ത്രി മാത്രമാണ്. ദൈവമോ, രാജ്യത്തെ സൃഷ്ടിച്ചവനോ അല്ല. നിങ്ങളല്ല സൂര്യനെ ഉദിപ്പിക്കുന്നത്. തെറ്റിദ്ധാരണകള്‍ മാറ്റുന്നത് നിങ്ങള്‍ക്ക് നന്നാവും,’ പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു.

തെരുഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റാലിക്കിടെയായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചുള്ള പരാമര്‍ശം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം കര്‍ണാടകയിലെ ജനങ്ങള്‍ക്കും, 12-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌ക്കര്‍ത്താവായ ബസവേശ്വരക്കും നാണക്കേടാണെന്ന് മോദി പറഞ്ഞു.

‘ബസവേശ്വരയുടെ പ്രതിമയുണ്ട് ലണ്ടനില്‍. എന്നാല്‍ അതേ ലണ്ടനില്‍ തന്നെ ഇന്ത്യയുടെ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങള്‍ ഉയരുന്നത് അപലപനീയമാണ്. ഇന്ത്യന്‍ ജനാധിപ്ത്യത്തിന്റേ വേരുകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു ശക്തിക്കും ഇന്ത്യയുടെ ജനാധിപത്യ സംസ്‌കാരത്തെ തകര്‍ക്കാന്‍ സാധിക്കില്ല. എന്നാല്‍ ചിലര്‍ മനപ്പൂര്‍വ്വം ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്,’ മോദി പറഞ്ഞു.

Content Highlight: Congress slams Prime minister Modi, says you are just a prime minister and not a God

Latest Stories

We use cookies to give you the best possible experience. Learn more