| Sunday, 23rd October 2022, 5:04 pm

'ഇതാണോ ബഹുമാനം, ഇങ്ങനെയാണോ പ്രധാനമന്ത്രി പറഞ്ഞ സ്ത്രീ സുരക്ഷ'; യുവതിയെ മന്ത്രി മുഖത്തടിച്ച സംഭവത്തില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പട്ടയ വിതരണം ചെയ്യുന്ന പരിപാടിയില്‍ യുവതിയെ കര്‍ണാടക മന്ത്രി മുഖത്തടിച്ച സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല രംഗത്തെത്തി. ബി.ജെ.പിയുടെ മന്ത്രിമാരുടെ തലയില്‍ അഹങ്കാരം കയറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ചെങ്കോട്ടയില്‍ സ്ത്രീകളെ ബഹുമാനിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ഇങ്ങനെയാണോ നിങ്ങള്‍ ഇന്ത്യയിലെ സ്ത്രീകളെ സംരക്ഷിക്കുന്നതും അവര്‍ക്ക് സുരക്ഷ നല്‍കുന്നതും. സ്ത്രീയെ പരസ്യമായി മര്‍ദിച്ച മന്ത്രിയെ പുറത്താക്കണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയെയും സുര്‍ജേവാല വിമര്‍ശിച്ചു.

മന്ത്രി യുവതിയെ അടിക്കുന്ന സംഭവം ക്യാമറയില്‍ പതിഞ്ഞതോടെയാണ് വിവാദമായത്. കര്‍ണാടകയിലെ അടിസ്ഥാന സൗകര്യ വികസന മന്ത്രി വി. സോമണ്ണയാണ് യുവതിയുടെ മുഖത്തടിച്ചത്.

കാമരാജനഗര്‍ ജില്ലയിലെ ഹംഗല ഗ്രാമത്തില്‍ പട്ടയം വിതരണം ചെയ്യാനെത്തിയതായിരുന്നു സോമണ്ണ. പട്ടയം ലഭിക്കാത്തത് ചോദ്യം ചെയ്ത യുവതിയെയാണ് ക്ഷുഭിതനായ മന്ത്രി മുഖത്തടിച്ചത്. എന്നാല്‍ അടിയേറ്റിട്ടും യുവതി മന്ത്രിയുടെ പാദങ്ങളില്‍ തൊട്ടുവണങ്ങുന്നത് കാണാം.

ദാരിദ്രരേഖക്ക് താഴെയുള്ള തനിക്ക് വീടിന് അര്‍ഹതയുണ്ടായിട്ടും വീട് ലഭിച്ചില്ലെന്ന് പരാതി പറയാനെത്തിയതായിരുന്നു സ്ത്രീ. ഇവര്‍ വേദിയിലേക്ക് കയറിയതിലുള്ള അനിഷ്ടമാണ് കരണത്തടിച്ച് മന്ത്രി പ്രകടിപ്പിച്ചത്.

മൂന്നരക്ക് നടത്തേണ്ടിയിരുന്ന പരിപാടിക്ക് നിശ്ചയിച്ചതില്‍ നിന്നും രണ്ട് മണിക്കൂറോളം വൈകിയാണ് മന്ത്രിയെത്തിയത്. ഇരുനൂറോളം പേര്‍ മന്ത്രിയെ കാത്തുനിന്നിരുന്നു. ഇതിനിടെയാണ് ഒരു സ്ത്രീയെ വേദിയില്‍ വെച്ച് മര്‍ദിക്കുന്ന സംഭവമുണ്ടായത്. സോമണ്ണ പിന്നീട് യുവതിയോട് മാപ്പ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാര്‍ പൊതുജനങ്ങളെ മര്‍ദ്ദിക്കുന്ന സംഭവം കര്‍ണാടകയില്‍ ഇതാദ്യമായല്ല. നേരത്തെ നിയമ മന്ത്രി ജെ.സി. മധുസ്വാമിയും സമാനമായ രീതിയില്‍ പൊതു മധ്യത്തില്‍ ജനങ്ങളെ മര്‍ദിച്ച് കേസില്‍പ്പെട്ടിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് മറ്റൊരു ബി.ജെ.പി എം.എല്‍.എ ഒരു സ്ത്രീയെ അസഭ്യം പറയുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.

Content Highlight: Congress Slams Karnataka Minister Who Slapped Young Woman on face During Public Event

We use cookies to give you the best possible experience. Learn more