| Saturday, 30th May 2020, 9:34 am

'കൂടുതല്‍ നാടകങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുന്നു'; ജി.ഡി.പി ഇടിവില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019-2020 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച പതിനൊന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. ഇത് ബി.ജെ.പി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നതിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. സര്‍ക്കാരിന്റെ പരിഗണനകളിലെ പാളിച്ചയും സമ്പദ് വ്യവസ്ഥയുടെ കൈകാര്യത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ തെറ്റിദ്ധാരണകളുമാണ് സ്ഥിതി ഇത്രത്തോളം വഷളാക്കിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

‘3.1 ശതമാനം, 4.2 ശതമാനം എന്നിവ വെറും അക്കങ്ങള്‍ മാത്രമല്ല. ഇത് ബി.ജെ.പി സര്‍ക്കാരിന്റെ പരാജയത്തിന്റെയും പരിഗണനകളിലെ പാളിച്ചയുടെയും ഉല്‍പ്പന്നമാണ്’, കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

‘ഇത് മുങ്ങുകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ ബാധിച്ചതിന് ശേഷമുള്ള 11 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജി.ഡി.പി വളര്‍ച്ചയിലാണ് എത്തിനില്‍ക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഒരാഴ്ചത്തെ കണക്ക് മാത്രമേ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു’, കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് പറഞ്ഞു.

‘ലോക്ഡൗണിന് മുമ്പ് തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാന്‍ മോദിക്ക് കഴിഞ്ഞു. കൂടുതല്‍ നാടകങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’, അദ്ദേഹം പരിഹസിച്ചു.

സമ്പദ് വ്യവസ്ഥയെ എത്ര മോശമായാണ് കൈകാര്യം ചെയ്തത് എന്ന വസ്തുത മോദി സര്‍ക്കാര്‍ ഇനിയും നിരാകരിക്കാനാണ് ഭാവമെങ്കില്‍ ഇന്ത്യ പരമാര്‍ത്മ നിര്‍ഭര്‍ ആവുകയെ രക്ഷയുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 44 പാദങ്ങളിലെ ഏറ്റവും വലിയ ഇടിവിലാണ് രാജ്യം എത്തിനില്‍ക്കുന്നതെന്നാണ് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പ്രതികരിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി രാജ്യം തുടര്‍ച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന ജി.ഡി.പി ഇടിവിന് ആരാണ് ഉത്തരവാദികളെന്നും അദ്ദേഹം ചോദിച്ചു.

‘ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പകരം കൊവിഡ് പ്രതിരോധത്തിനായുള്ള ഉത്തേജന പാക്കേജ് എന്ന പേരില്‍ രാജ്യത്തെയൊന്നാകെ കടക്കെണിയിലേക്ക് തള്ളിവിടുന്ന നീക്കങ്ങള്‍ നടത്തുകയാണ് ചെയ്തത്’, അദ്ദേഹം പറഞ്ഞു.

4.2 ശതമാനമായാണ് ജി.ഡി.പി വളര്‍ച്ച കുറഞ്ഞത്. ഈ സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി-മാര്‍ച്ച് മാസത്തില്‍ ജി.ഡി.പി വളര്‍ച്ച 3.1 ശതമാനമായാണ് കുറഞ്ഞത്.

സാമ്പത്തിക വിദഗ്ധരും റേറ്റിങ്ങ് അനലിസ്റ്റുകളും പ്രവചിച്ചതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ജി.ഡി.പി വളര്‍ച്ച കുറഞ്ഞത്. ഉത്പാദന മേഖലയില്‍ 1.4 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more