| Friday, 3rd February 2023, 4:34 pm

'മോദിജിയും ഷായും കുടിക്കില്ലായിരിക്കും, അതിന് സാധാരണക്കാരൻ എന്ത് പിഴച്ചു'; കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺ​ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: അമുൽ പാൽ വില വർധിപ്പിച്ചതിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺ​ഗ്രസ്. മോദിയോ അമിത് ഷായോ പാലു കുടിക്കാത്തതുകൊണ്ടാകും വിലക്കയറ്റമെന്നാണ് കോൺ​ഗ്രസിന്റെ പ്രതികരണം. സാധാരക്കാരനാണ് വിലക്കയറ്റം ബാധിക്കുന്നതെന്നും കോൺ​ഗ്രസ് എം.പി അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കി.

“വിലക്കയറ്റം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് സാധാരണക്കാരനെയായിരിക്കും. അതൊന്നും അറിയാനോ മനസിലാക്കാനോ മോദി സർക്കാർ താത്പര്യപ്പെടുന്നില്ല. മോദിയോ അമിത് ഷായോ പാലു കുടിക്കുന്നില്ലായിരിക്കാം. അതിന് സാധാരണക്കാരൻ എന്ത് പിഴച്ചു. രാജ്യത്തെ സാധാരണക്കാരനും കുട്ടികൾക്കും പാലു കുടിക്കണം,” അദ്ദേഹം പറഞ്ഞു.

2019ൽ ഉള്ളി വിലയിൽ ഉണ്ടായ വർധന വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. അന്ന് വിലവർധനവിനെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് താൻ ഉള്ളി കഴിക്കാറില്ലെന്നായിരുന്നു ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രതികരണം. ഇതും കണക്കിലെടുത്തായിരുന്നു കോൺ​ഗ്രസിന്റെ വിമർശനം. നിർമ്മലാജി പാലും കുടിക്കില്ലേ എന്നും ചൗധരി ചോദിച്ചു.

“നിർമ്മലാജി പാലും കുടിക്കില്ലേ? നിങ്ങളുടെ വീട്ടിൽ രണ്ട് ലിറ്റർ പാല് ഉപയോ​ഗിക്കുന്നുണ്ടായിരുന്നെങ്കിൽ ഇപ്പോൾ നിങ്ങൾ അതിന് ആറു രൂപ അധികം നൽകേണ്ടി വന്നേനേ. അതായത് മാസം 180 രൂപ, ഒരു വർഷത്തിൽ 2,160 രൂപ. ഇത് അമൃത് കാലാണോ അതോ റിക്കവറി കാലാണോ?,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്ത് ക്ഷീര സഹകരണ സ്ഥാപനമായ അമുൽ പാൽ വില ലിറ്ററിന് മൂന്ന് രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ അമുൽ ഗോൾഡ് മിൽക്ക് വില ലിറ്ററിന് 66 രൂപയാകും. അമുൽ താസ ലിറ്ററിന് 54 രൂപയും അമുൽ പശുവിൻ പാൽ ലിറ്ററിന് 56 രൂപയും അമുൽ എ2 എരുമ പാലിന് 70 രൂപയുമാണ് പുതുക്കിയ വില.

പ്രവർത്തനച്ചെലവും ഉത്പാദനച്ചെലവും വർധിച്ചതാണ് വിലവർധനവിന് കാരണമെന്നാണ് അമുലിന്റെ വിശദീകരണം. കാലിത്തീറ്റയുടെ ചെലവ് മാത്രം ഏകദേശം 20% വർധിച്ചെന്നും അമുൽ പറഞ്ഞു.

Content Highlight: Congress slams center over hike in amul milk price

We use cookies to give you the best possible experience. Learn more