പാവപ്പെട്ടവരെ കണ്ടാല്‍ പൊന്നുതമ്പുരാന്റെ മനസ് നോവും, അതുകൊണ്ടാന്നേ; മോദി സന്ദര്‍ശനത്തിന് മുമ്പ് മുംബൈയിലെ ചേരികള്‍ തുണി കെട്ടി മറച്ചതിനെതിരെ കോണ്‍ഗ്രസ്
national news
പാവപ്പെട്ടവരെ കണ്ടാല്‍ പൊന്നുതമ്പുരാന്റെ മനസ് നോവും, അതുകൊണ്ടാന്നേ; മോദി സന്ദര്‍ശനത്തിന് മുമ്പ് മുംബൈയിലെ ചേരികള്‍ തുണി കെട്ടി മറച്ചതിനെതിരെ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th February 2023, 12:21 pm

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി മുംബൈയിലെ ചേരികള്‍ വെള്ളത്തുണി ഉപയോഗിച്ച് മറച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജാവായ മോദി കാണാതിരിക്കാന്‍ വേണ്ടിയാണ് ഈ ദാരിദ്ര്യത്തെ തുണി കെട്ടി മറച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

സി.എസ്.ടി, അന്ധേരി മേഖലകളിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇത്തരത്തില്‍ വെള്ളത്തുണികള്‍ ഉപയോഗിച്ച് വീടുകളും മറ്റും മറച്ചിരിക്കുന്നത്. താമസസ്ഥലങ്ങള്‍ തുണി കെട്ടി മറച്ചതിനെ കുറിച്ചുള്ള എന്‍.ഡി.ടിവിയുടെ റിപ്പോര്‍ട്ടിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.

‘എല്ലാവരും ജാഗരൂകരാവൂ… രാജാധിരാജന്‍ മോദി മുംബൈയിലേക്ക് ആഗതനാവുകായണ്. അവിടുന്നിന്റെ കണ്‍മുന്നിലേക്ക് ദാരിദ്ര്യം കടന്നുവരാതിരിക്കാനുള്ള ഒരുക്കങ്ങളാണേ ഈ നടക്കുന്നത്.

എല്ലാ പ്രാവശ്യത്തെയും പോലെ പാവപ്പെട്ടവരുടെ വീടുകള്‍ മറച്ചുകൊണ്ടാണ് ഇപ്രാവശ്യത്തെയും തയ്യാറെടുപ്പുകള്‍. ദാരിദ്ര്യം കണ്ട് തമ്പുരാന്റെ മനസ് വിഷമിക്കരുതല്ലോ.

മാത്രമല്ല, ഇത്തവണ പൊന്നുതമ്പുരാന്‍ വലിയ മഹാമനസ്‌കതയാണ് കാണിച്ചിരിക്കുന്നത്. ഗുജറാത്തിലേത് പോലെ മതിലൊന്നും കെട്ടിപ്പൊക്കിയിട്ടില്ല,’ കോണ്‍ഗ്രസിന്റെ ട്വീറ്റില്‍ പറയുന്നു.

2020ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗുജറാത്ത് സന്ദര്‍ശിച്ചപ്പോള്‍ അഹമ്മദാബാദിലെ ചേരികള്‍ മതില്‍ കെട്ടി മറച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. നമസ്‌തേ ട്രംപ് എന്ന പരിപാടിക്ക് വേണ്ടി കെട്ടിയുയര്‍ത്തിയ ഈ മതില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇന്ത്യക്ക് വലിയ നാണക്കേടായിരുന്നു വരുത്തിവെച്ചത്.

നമസ്തേ ട്രംപ് പരിപാടിക്ക് മുന്നോടിയായി കെട്ടിപ്പൊക്കിയ മതിലില്‍ അലങ്കാരപ്പണികള്‍ നടത്തുന്നു

കഴിഞ്ഞ ഡിസംബറില്‍ മുംബൈയില്‍ വെച്ച് നടന്ന ജി20 യോഗത്തിന്റെ ഭാഗമായും ഇത്തരത്തില്‍ ചേരികള്‍ തുണികളുപയോഗിച്ച് മറച്ച് കെട്ടിയിരുന്നു. പരിപാടി നടക്കുന്നതിന്റെ തലേദിവസമായിരുന്നു തിരക്കിട്ട് ഈ പണികള്‍ നടത്തിയിരുന്നത്. നഗരത്തിന്റെ സൗന്ദര്യവത്കരണ പദ്ധതികളുടെ ഭാഗമാണ് ഈ മോടി പിടിപ്പിക്കലെന്നായിരുന്നു അന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

മോദി സന്ദര്‍ശനം നടത്തുന്നതിന് ബി.ജെ.പി തന്നെ ഭരണം കയ്യാളുന്ന സംസ്ഥാനങ്ങളില്‍ എന്തിനാണ് ഈ മറച്ചുപിടിക്കലെന്നാണ് പലരും പുതിയ റിപ്പോര്‍ട്ടുകള്‍ പങ്കുവെച്ചുകൊണ്ട് ചോദിക്കുന്നത്. മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സര്‍ക്കാരിനെ പുറത്താക്കികൊണ്ട് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ ഒരു വിഭാഗവും ബി.ജെ.പിയും ചേര്‍ന്നാണ് മഹാരാഷ്ട്രയില്‍ നിലവില്‍ ഭരണം നടത്തുന്നത്.

മുംബെെയില്‍ ജി20 യോഗത്തിന് മുന്നോടിയായി തുണികെട്ടി മറച്ചിരിക്കുന്നു

വന്ദേ ഭാരത് ട്രെയ്‌നുകളുടെയും ഇന്‍ഫ്രാ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കാനാണ് മോദി വെള്ളിയാഴ്ച മുംബൈയിലെത്തുന്നത്. ഒരു മാസത്തിനുള്ളില്‍ മുംബൈയില്‍ മോദി നടത്തുന്ന രണ്ടാം സന്ദര്‍ശനമാണിത്.

Content Highlight: Congress slams BJP over draping slums with white clothes before Modi’s Mumbai visit