ഗുവാഹത്തി: അസമിലെ ദേശീയോദ്യാനത്തിന്റെ പേരില്‍ നിന്നും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വെട്ടിമാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. പേര് മാറ്റിയതിന്റെ പേരില്‍ രാജീവ് ഗാന്ധി രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മാറ്റാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
‘ബി.ജെ.പി നേതാക്കള്‍ ചരിത്രം തിരുത്തി എഴുതാനുപയോഗിക്കുന്ന കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ലഭ്യമാകുന്നത് രാജീവ് ഗാന്ധി കൊണ്ടുവന്ന ഐ.ടി. വിപ്ലവത്തിന്റെ ഫലമായാണ്,’ അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ പറഞ്ഞു.
യുവാക്കളുടെ വോട്ടിംഗ് പ്രായം 21 ല്‍ നിന്ന് 18 ആക്കിയതും പഞ്ചായത്തുകളില്‍ 33 ശതമാനം വനിതാ സംവരണം കൊണ്ടുവന്നതും രാജീവ് ഗാന്ധിയുടെ കാലത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ അസമിലെ രാജീവ് ഗാന്ധി ഒറംഗ് ദേശീയോദ്യാനത്തിന്റെ പേര് ഒംറഗ് ദേശീയോദ്യാനം എന്നാക്കി മാറ്റിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ബംഗാള്‍ കടുവകളുടെ പ്രധാന ആവാസകേന്ദ്രങ്ങളിലൊന്നെന്ന നിലയില്‍ ലോകപ്രശസ്തമാണ് ഈ നാഷണല്‍ പാര്‍ക്ക്.
ദേശീയോദ്യാനത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി നിരവധി സംഘടനകള്‍ സമീപിച്ചെന്നും അതിനാലാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നുമാണ് അസം സര്‍ക്കാരിന്റെ വാദം. പ്രദേശത്തെ ഗോത്രവിഭാഗങ്ങളുടെ ആവശ്യം പരിഗണിച്ചാണ് രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക് എന്ന പേര് ഒറംഗ് നാഷണല്‍ പാര്‍ക്കാക്കി മാറ്റുന്നതെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
1985 ലാണ് ഈ പ്രദേശത്തെ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുന്നത്. 1999ലാണ് ദേശീയോദ്യോനമെന്ന പദവിയിലേക്ക് ഉയര്‍ത്തിയത്.
1992ല്‍ വന്യജീവി സങ്കേതത്തിന് രാജീവ് ഗാന്ധിയുടെ പേര് നല്‍കിയിരുന്നെങ്കിലും 2001ല്‍ കോണ്‍ഗ്രസിന്റെ തരുണ്‍ ഗൊഗോയി സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്തായിരുന്നു രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക് എന്ന് പേര് നല്‍കിയത്.
പേര് വെട്ടിമാറ്റിയ അസം സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നും രാജീവ് ഗാന്ധിയെയും കോണ്‍ഗ്രസിനെയും വെട്ടിമാറ്റാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്നാണ് വിമര്‍ശനമുയരുന്നത്.
നേരത്തെ ഖേല്‍രത്നയില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് മാറ്റിയപ്പോഴും സമാനമായ വിമര്‍ശനമുയര്‍ന്നിരുന്നു. മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പേര്.
ജനവികാരം മാനിച്ചാണ് ഈ പേരുമാറ്റലെന്നായിരുന്നു അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നത്. ഇന്ത്യക്ക് വേണ്ടി അഭിമാനകരമായ നേട്ടങ്ങള്‍ കൊയ്ത രാജ്യത്തെ ആദ്യ കായികതാരമാണ് മേജര്‍ ധ്യാന്‍ ചന്ദെന്നും രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതി അദ്ദേഹത്തിന്റെ പേരിലായിരിക്കണമെന്നും മോദി പറഞ്ഞിരുന്നു.