| Monday, 5th December 2022, 9:40 am

വാളുകൊണ്ടാണ് ബി.ജെ.പി നേതാവ് ആക്രമിച്ചത്, ജീവന്‍ രക്ഷിക്കാന്‍ 15 കിലോമീറ്ററോളം ഓടി; ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കുകയാണ്.

ഇതിനിടെ ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദാന്‍ട (Danta) അസംബ്ലി സീറ്റിലെ സിറ്റിങ് എം.എല്‍.എയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കാന്തി ഖരാഡി (Kanti Kharadi).

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ലധു പാര്‍ഖിയുടെ (Ladhu Parghi) നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ തന്നെ ആക്രമിച്ചുവെന്നാണ് കോണ്‍ഗ്രസ് എം.എല്‍.എ പറയുന്നത്.

”ഞാന്‍ എന്റെ വോട്ടര്‍മാരുടെ അടുത്തേക്ക് പോകുകയായിരുന്നു. ബി.ജെപി സ്ഥാനാര്‍ത്ഥി ലധു പാര്‍ഖി, ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന എല്‍.കെ. ഭരത്, സഹോദരന്‍ വദന്‍ ജി എന്നിവര്‍ ചേര്‍ന്നാണ് ഞങ്ങളെ ആക്രമിച്ചത്.

അവരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നു. വാളുപയോഗിച്ചാണ് എന്നെ ആക്രമിച്ചത്.

ബാമോദര റോഡിലൂടെ പോകുകയായിരുന്നു ഞങ്ങളുടെ വാഹനം. അപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി വന്ന് ഞങ്ങളുടെ വഴി തടഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ അവിടെ നിന്നും മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ കൂടുതല്‍ ആളുകള്‍ വന്ന് ഞങ്ങളെ ആക്രമിക്കുകയായിരുന്നു,” എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ കാന്തി ഖരാഡി പറഞ്ഞു.

മണ്ഡലത്തില്‍ പ്രചരണം നടത്തരുതെന്ന് പറഞ്ഞ് ബി.ജെ.പി നേതാക്കള്‍ നേരത്തെ തന്നെ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇവിടെ കോണ്‍ഗ്രസിന് ലഭിക്കുന്ന വലിയ പിന്തുണയെ അവര്‍ ഭയപ്പെടുന്നുണ്ടെന്നും എം.എല്‍.എ വ്യക്തമാക്കി.

”സംഭവിച്ചത് എന്തുതന്നെയായാലും നിര്‍ഭാഗ്യകരമാണ്. തെരഞ്ഞെടുപ്പാണ് എന്നതുകൊണ്ടാണ് ഞാന്‍ എന്റെ പ്രദേശത്തേക്ക് പോയത്. എന്നാല്‍ സാഹചര്യം മോശമാണെന്ന് കണ്ടതിനെ തുടര്‍ന്ന് അവിടെനിന്നും രക്ഷപ്പെടാന്‍ ഞാന്‍ തീരുമാനിച്ചു,” കാന്തി ഖരാഡി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ഗുണ്ടകളില്‍ നിന്നും രക്ഷപ്പെടാന്‍ താന്‍ രാത്രി ഇരുട്ടിലൂടെ 15 കിലോമീറ്ററോളം ഓടിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

വടക്കന്‍ ഗുജറാത്തിലെ ബനാസ്‌കന്ത (Banaskantha) ജില്ലയിലാണ് ദാന്‍ട നിയോജകമണ്ഡലം. എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റാണിത്.

പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള നേതാവായ കാന്തി ഖരാഡിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ആക്രമിച്ചതിനെ അപലപിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നേരത്തെ പ്രതികരിച്ചിരുന്നു.

”കോണ്‍ഗ്രസിലെ ഗോത്രവര്‍ഗ നേതാവും ദാന്‍ട നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കാന്തിഭായ് ഖരാഡിയെ ബി.ജെ.പി ഗുണ്ടകള്‍ ക്രൂരമായി ആക്രമിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന് പുറമെ ഗുജറാത്തില്‍ അര്‍ധസൈനിക വിഭാഗത്തെയും വിന്യസിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ ഉറങ്ങുകയായിരുന്നു.

നിങ്ങള്‍ ബി.ജെ.പി പറയുന്നത് കേള്‍ക്കൂ. പക്ഷെ ഞങ്ങള്‍ ഭയപ്പെടുന്നില്ല, ഞങ്ങള്‍ ഒരിക്കലും ഭയപ്പെടില്ല, ഞങ്ങള്‍ ശക്തമായി തന്നെ പോരാടും,” എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ പത്ത് വര്‍ഷമായി ദാന്‍ടയിലെ എം.എല്‍.എയാണ് ഖരാഡി. അതേസമയം ഡിസംബര്‍ അഞ്ചിന് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിലാണ് ദാന്‍ട നിയമസഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. മറ്റ് 92 ണ്ഡലങ്ങളിലും തിങ്കളാഴ്ച തന്നെയാണ് വോട്ടെടുപ്പ്.

Content Highlight: Congress sitting MLA Kanti Kharadi says he was attacked by the BJP candidate Ladhu Parghi

We use cookies to give you the best possible experience. Learn more