ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ വിഷയത്തില്‍ രാജ്യവ്യാപകമായി ബുധനാഴ്ച കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനങ്ങളില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ നേതാക്കളും പ്രവര്‍ത്തകരും സത്യാഗ്രഹം ആചരിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പ്രതിഷേധം.
പ്രതിഷേധം സംബന്ധിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പാര്‍ട്ടിയുടെ എല്ലാ സംസ്ഥാന യൂണിറ്റ് മേധാവികള്‍ക്കും പ്രധാന പ്രവര്‍ത്തകര്‍ക്കും കത്തയച്ചിരുന്നു. പരിപാടിയില്‍ ജനപ്രതിനിധികള്‍, പോഷക സംഘടനകള്‍ എന്നിവരടക്കം പരമാവധി ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും എ.ഐ.സി.സി നിര്‍ദേശമുണ്ട്.
കേരളത്തിലും ദല്‍ഹിയിലും സത്യാഗ്രഹമുണ്ടാകും. അപകീര്‍ത്തി കേസിന് കാരണമായ പ്രസംഗം നടന്ന കര്‍ണാടകയില്‍ ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കിലാണ് സത്യാഗ്രഹം നടക്കുക. എന്നാല്‍ മഴക്കെടുതി കാരണം ദുരിതം അനുഭവിക്കുന്ന ചില വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പരിപാടിയില്‍ നിന്ന് ഒഴിവാക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
നിയമപരമായും രാഷ്ട്രീയപരമായും രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കേസ് നേരിടാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. അയോഗ്യതയില്‍ സ്‌റ്റേ ലഭിക്കാനുള്ള നിയമപരമായ വഴി സുപ്രീം കോടതിയെ സമീപിക്കുക എന്നതാണ്. വെള്ളിയാഴ്ച ഗുജറാത്ത് ഹൈക്കോടതി വിധിക്ക് ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഈ മാസം ഇരുപതിന് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുമ്പോള്‍ അവിടെയും പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
അപകീര്‍ത്തി കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജിയായിരുന്നു ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നത്. ഇതോടെ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വത്തിനുള്ള അയോഗ്യത തുടരുകയാണ്. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആണ് സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നത്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ മോദി പരാമര്‍ശത്തിലാണ് കേസ്.’മോദിമാരെല്ലാം കള്ളന്മാരാണ്’ എന്ന പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിനെതിരെ കേസെടുത്തത്.
അതേസമയം, വിചാരണ കോടതിവിധി ഹൈക്കോടതി ശരിവെച്ചതോടെ വയനാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുണ്ട്.