മലപ്പുറം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ കുഞ്ഞാലിക്കുട്ടി. സംഘടനാസംവിധാനത്തിലെ പിഴവുകള്‍ തിരുത്തണം. പ്രചാരണത്തില്‍ വീഴ്ചയുണ്ടെന്ന് സ്ഥാനാര്‍ത്ഥി തന്നെ ചൂണ്ടിക്കാട്ടിയ അവസ്ഥയുമുണ്ടായെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഇത് സംബന്ധിച്ച് തിരുത്തലിന് കോണ്‍ഗ്രസും മുന്നണിയും ആലോചിക്കണം. ത്രികോണമത്സരങ്ങളില്‍ സ്വീകരിക്കേണ്ട അടവുനയത്തെക്കുറിച്ചും ആലോചന വേണമെന്നും കെ.എം മാണിയ്ക്കും കേരള കോണ്‍ഗ്രസ് എമ്മിനും പ്രചാരണത്തിനുള്ള വേണ്ടത്ര സമയം ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഒന്നൊഴിയാതെ മണ്ഡലത്തില്‍ അങ്ങോളമിങ്ങോളം ഇടതുതരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ 20956 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിന്റെ വിജയം.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിറുത്തിയായിരുന്നു സജി ചെറിയാന്റെ മുന്നേറ്റം. യു.ഡി.എഫിന്റെ പരമ്പരാഗത പഞ്ചായത്തുകളില്‍ പോലും സജി ചെറിയാന്‍ അനായാസം പിടിച്ചു കയറി.
തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും പിടിച്ചുനില്‍ക്കാന്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും അനുവദിക്കാതെ അതിശക്തമായ മത്സരമാണ് ഇടതുമുന്നണി കാഴ്ച വെച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് 67303 വോട്ടുകളാണ് നേടാനായത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി വിജയകുമാറിന് 46347 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള 35270 വോട്ടുകളും നേടി. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങിക്കഴിഞ്ഞശേഷം ഒരു തവണപോലും ഇടതുമുന്നണി രണ്ടാം സ്ഥാനത്തേക്ക് പോയില്ല.
WATCH THIS VIDEO: