കോണ്‍ഗ്രസ്സ് സഖ്യകക്ഷികളെ 'ഡ്രൈവിംഗ് സീറ്റി'ലിരുത്തണം; ബി.ജെ.പിക്കെതിരെ വിശാലസഖ്യം യാഥാര്‍ത്ഥ്യമാക്കണം: തേജസ്വി യാദവ്
national news
കോണ്‍ഗ്രസ്സ് സഖ്യകക്ഷികളെ 'ഡ്രൈവിംഗ് സീറ്റി'ലിരുത്തണം; ബി.ജെ.പിക്കെതിരെ വിശാലസഖ്യം യാഥാര്‍ത്ഥ്യമാക്കണം: തേജസ്വി യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th June 2018, 5:31 pm

ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശും ബീഹാറും പോലുള്ള സംസ്ഥാനങ്ങളില്‍ മറ്റു പാര്‍ട്ടികളെ “ഡ്രൈവിംഗ് സീറ്റി”ലിരുത്താന്‍ കോണ്‍ഗ്രസ്സ് തയ്യാറാവണമെന്ന് ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ്. തങ്ങള്‍ ഏറ്റവും വലിയ പ്രതിപക്ഷപ്പാര്‍ട്ടി അല്ലാത്തയിടങ്ങളില്‍ കോണ്‍ഗ്രസ്സ് അഹംബോധം മാറ്റിവച്ച് പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ബി.ജെ.പിക്കെതിരെ സംയുക്തമായി നീങ്ങണമെന്നാണ് തേജസ്വിയുടെ ആവശ്യം.

പ്രധാനമന്ത്രി പദത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നത് പ്രാഥമികമായ വിഷയമല്ലെന്നും, മറിച്ച് ഭരണഘടനയെ സംരക്ഷിക്കാന്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കുന്നതിനാണ് പ്രാധാന്യം കല്‍പ്പിക്കേണ്ടതെന്നും ബീഹാറിലെ പ്രതിപക്ഷ നേതാവു കൂടിയായ തേജസ്വി പറയുന്നു.

“രാജ്യം അപകടസന്ധിയിലാണ്. നമ്മുടെ ഭരണഘടനയും ജനാധിപത്യവും, സംവരണനയവുമെല്ലാം അപകടത്തിലാണ്.” പ്രസ്സ് ട്രസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഒന്നാം യു.പി.എ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനു ശേഷമാണ് മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയായി നിയോഗിക്കാന്‍ തീരുമാനിച്ചതെന്നും ഈ മാര്‍ഗ്ഗം തന്നെ ഇപ്പോഴും പിന്തുടരാവുന്നതാണെന്നും തേജസ്വി അഭിപ്രായപ്പെട്ടു.

2019ലെ തെരഞ്ഞെടുപ്പ് പ്രതിപക്ഷം ഒന്നിച്ചു നിന്നു നേരിടണമെന്നും, ഗാന്ധി-അംബേദ്കര്‍-മണ്ഡല്‍ പ്രത്യയശാസ്ത്രങ്ങള്‍ ഗോള്‍വാള്‍ക്കര്‍-ഗോഡ്‌സെ ആശയങ്ങളോട് മത്സരിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“സാമൂഹ്യ നീതിയിലും മതേതരത്വത്തിലും വിശ്വസിക്കുന്ന എല്ലാ പ്രതിപക്ഷപ്പാര്‍ട്ടികളും ഒന്നിച്ചു നിന്ന് ഭരണഘടനയെ സംരക്ഷിക്കേണ്ടതുണ്ട്.” തേജസ്വി മാധ്യമങ്ങളോടു പറഞ്ഞു.


Also Read: മോദിയുടെ റാലിയില്‍ കറുപ്പ് ധരിച്ചെത്തിയ ഗ്രാമീണരുടെ തുണിയുരിയിച്ച് മധ്യപ്രദേശ് പൊലീസ്; കലക്ടര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത് കറുത്ത കോട്ടണിഞ്ഞ്


രാജ്യത്ത് ആര്‍.എസ്.എസിന്റെ നിയമാവലി നടപ്പില്‍ വരുത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും തേജസ്വി യാദവ് ആരോപിക്കുന്നുണ്ട്. ബി.ജെ.പി. അധികാരത്തില്‍ വന്നിരിക്കുന്നത് ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താനാണെന്ന കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഡ്‌ഗെയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തുള്ള പ്രമുഖ പാര്‍ട്ടി എന്ന നിലയ്ക്ക് ബി.ജെ.പിക്കെതിരായി പാര്‍ട്ടികളെ അണിനിരത്തേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസ്സിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “സഖ്യകക്ഷികളെ എങ്ങിനെ ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോകാമെന്നും കോണ്‍ഗ്രസ്സ് ശ്രദ്ധിക്കേണ്ടതുണ്ട്. ബീഹാറിലെ പ്രധാന പ്രതിപക്ഷപ്പാര്‍ട്ടി ഞങ്ങളാണ്. ഉത്തര്‍പ്രദേശിലാണെങ്കില്‍, മായാവതിജിയും അഖിലേഷ് ജിയും ഒന്നിച്ചാണുള്ളത്. ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയാന്തരീക്ഷം കണക്കിലെടുത്ത് അതിനനുസരിച്ചുള്ള പദ്ധതികള്‍ കോണ്‍ഗ്രസ്സ് ആസൂത്രണം ചെയ്യേണ്ടതുണ്ട്.” തേജസ്വി ആവശ്യപ്പെട്ടു.


Also Read:വിളച്ചിലെടുത്താല്‍ നെഞ്ചിന്‍കൂട് പൊളിക്കും” “തേച്ചിട്ടുപോയാല്‍” പണി തരും; നവാഗതര്‍ക്ക് താക്കീതുമായി പ്ലസ് ടു “ചേട്ടന്മാര്‍”


കോണ്‍ഗ്രസ്സ് സ്വന്തം താല്‍പര്യങ്ങളില്‍ക്കവിഞ്ഞ് സഖ്യകക്ഷികളുടെ ആവശ്യങ്ങളും കണക്കിലെടുക്കാന്‍ തയ്യാറാകണമെന്നും, സഖ്യകക്ഷികള്‍ അര്‍ഹിക്കുന്ന ബഹുമാനം അവര്‍ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും തേജസ്വി യാദവ് നിര്‍ദ്ദേശിക്കുന്നുണ്ട്. 18 ഓളം സംസ്ഥാനങ്ങളില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മില്‍ നേരിട്ടു മത്സരം നടക്കുന്നുണ്ടെന്നും, അതുകൊണ്ടു തന്നെ ബീഹാറും ഉത്തര്‍പ്രദേശും പോലുള്ളയിടങ്ങളില്‍ ഏറ്റവും വലിയ പ്രതിപക്ഷപ്പാര്‍ട്ടിയെ “ഡ്രൈവിംഗ് സീറ്റി”ലിരുത്താന്‍ കോണ്‍ഗ്രസ്സ് തയ്യാറാകണമെന്നുമാണ് ആര്‍.ജെ.ഡി നേതാവിന്റെ പക്ഷം.

രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നില്‍ പല പ്രതിപക്ഷനേതാക്കളും പങ്കെടുത്തിരുന്നില്ല എന്നത് പ്രതിപക്ഷ സഖ്യത്തിന്റെ കെട്ടുറപ്പില്ലായ്മയാണ് സൂചിപ്പിക്കുന്നതെന്ന വാദവും അദ്ദേഹം പാടേ തള്ളിക്കളഞ്ഞിട്ടുണ്ട്.

എന്‍.ഡി.എ. അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതകളുണ്ടെന്നും, ഭരണപക്ഷത്തെ സഖ്യം നിലനില്‍ക്കുമോ ഇല്ലയോ എന്നതില്‍ യാതൊരു ഉറപ്പുമില്ലെന്നും തേജസ്വി യാദവ് പറയുന്നു. “ജനങ്ങള്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളായി മോദിജിയെ കാണുന്നു. അദ്ദേഹം ഇതുവരെ ഒന്നും തന്നെ ചെയ്തിട്ടില്ല. രാജ്യത്തിനായി അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് ജനങ്ങള്‍ അദ്ദേഹത്തോടു ചോദിക്കണം.”


Also Read: ദിലീപിനെ “അമ്മ”യില്‍ തിരിച്ചെടുക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്


“ബി.ജെ.പി ഒറ്റയ്ക്കല്ല നില്‍ക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ക്ക് 40 സഖ്യകക്ഷികളുള്ള വിഷയം വിസ്മരിച്ച് നമ്മള്‍ എപ്പോളും മോദിജിയുടെ മുഖത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്? അവര്‍ ഒറ്റയ്ക്കല്ല മത്സരിക്കുന്നതെങ്കില്‍ നമ്മളെന്തിനാണ് ഒറ്റയ്ക്കു നില്‍ക്കുന്നത്?” തേജസ്വി ചോദിക്കുന്നു.

മഹാഗതബന്ധന്റെ ഏറ്റവും നല്ല ഉദാഹരണം ബീഹാര്‍ മുന്നോട്ടു വച്ചു കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലാലു പ്രസാദ് യാദവ് പ്രതിപക്ഷത്തിന്റെ വിശാലസഖ്യത്തിന് ആരംഭം കുറിച്ചിട്ടുണ്ടെന്നും തേജസ്വി യാദവ് പ്രസ്താവിച്ചു.