ജയ്പുര്‍: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എം.എല്‍.എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റി കോണ്‍ഗ്രസ്. ഗുജറാത്തില്‍ നിന്നും 25 എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റിയിരിക്കുകയാണ് പാര്‍ട്ടി. ഗുജറാത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ വശത്താക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങിയതിന് പിന്നാലെയാണ് ഇത്.
ശിരോഹിയിലെ സ്വകാര്യ റിസോര്‍ട്ടിലേക്കാണ് എം.എല്‍.എമാരെ മാറ്റിയിരിക്കുന്നത്. ശനിയാഴ്ച നാല് എം.എല്‍.എമാരെയും ഇന്ന് 21 എം.എല്‍.എമാരെയുമാണ് രാജസ്ഥാനില്‍ എത്തിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് വിട്ട് പോകാന്‍ തീരുമാനിച്ചവരെല്ലാം പോയിക്കഴിഞ്ഞെന്നും ബാക്കിയുള്ളവരെല്ലാം ഒരുമിച്ചുണ്ടെന്നും കിറിത് പാട്ടേല്‍ എം.എല്‍.എ അറിയിച്ചു. ഇനിയാരെയും പ്രലോഭിച്ച് കടത്തിക്കൊണ്ട് പോകാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെയാണ് കോണ്‍ഗ്രസ് പുതിയ നീക്കങ്ങളിലേക്ക് കടന്നിരിക്കുന്നത്.
മാര്‍ച്ചില്‍ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണം 65 ആയി ചുരുങ്ങി. നാല് രാജ്യസഭ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ വിജയിക്കാനുള്ള സാധ്യതയാണ് കോണ്‍ഗ്രസിന് നഷ്ടമായത്.
കോണ്‍ഗ്രസ് വക്താവ് കൂടിയായ ശക്തിസിങ് ഗോഹില്‍, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി, എന്നിവരെയാണ് കോണ്‍ഗ്രസ് രാജ്യസഭാ സീറ്റിലേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പുതിയ നീക്കങ്ങളോടെ ഒരാളെ മാത്രമേ വിജയിപ്പിക്കാനാവൂ എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്.