ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ അംഗങ്ങള്‍ സംസാരിക്കുന്ന സമയത്ത് മൈക്ക് ഓഫാക്കുന്ന സ്പീക്കര്‍ ജഗ്ദീപ് ധന്‍കറിന്റെ നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ്. തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലാണ് സ്പീക്കറുടെ നടപടിയെ വിമര്‍ശിച്ചു കൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ നടത്തിയ പ്രസംഗവും പാര്‍ലമെന്റിലെ സ്പീക്കറിന്റെ വീഡിയോയും ചേര്‍ത്താണ് കോണ്‍ഗ്രസ് പേജില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്.
ഭാരത് ജോഡോ യാത്രയുടെ സമയത്ത് തന്നെ പാര്‍ലമെന്റില്‍ പ്രതിപക്ഷ അംഗങ്ങളെ സംസാരിക്കാന്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
‘പാര്‍ലമെന്റില്‍ ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ മൈക്ക് ഓഫാക്കിക്കളയും, ദാ ഇങ്ങനെ’ എന്നും പറഞ്ഞ് രാഹുല്‍ താന്‍ സംസാരിക്കുന്ന മൈക്ക് ഓഫാക്കുന്നതാണ് ആദ്യത്തെ വീഡിയോ.
ശേഷം പാര്‍ലമെന്റിലെ സ്പീക്കറുടെ നടപടിയും കാണിക്കുന്നുണ്ട്. ഇവിടെ പിന്നെ കണ്‍ട്രോള്‍ നമ്മുടെ കയ്യിലാണെന്നും എന്നാല്‍ പാര്‍ലമെന്റില്‍ എല്ലാ നിയന്ത്രണവും സ്പീക്കറുടെ കയ്യിലാണെന്നും രാഹുല്‍ ഗാന്ധി പറയുന്നതും വീഡിയോയിലുണ്ട്.
രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിനിടെ ഇന്ത്യക്കെതിരെ സംസാരിച്ചെന്ന ആരോപണമുന്നയിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. പ്രതിപക്ഷ സാമാജികര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് മൈക്ക് ഓഫാക്കിയ സ്പീക്കറുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു.
അദാനി വിഷയത്തില്‍ നരേന്ദ്ര മോദിയുടെ പങ്ക് പുറത്താകാതിരിക്കാന്‍ ബി.ജെ.പി നടത്തുന്ന നാടകമാണ് പാര്‍ലമെന്റിലെ ബഹളമെന്നാണ് കോണ്‍ഗ്രസ് വിഷയത്തില്‍ പ്രതികരിച്ചത്.
Content Highlight: congress shares rahul gandhis old video