പിണറായി വിജയൻ ഉൾപ്പെടെയുള്ള 11 മുഖ്യമന്ത്രിമാരുടെ ഫോട്ടോ ഷെയർ ചെയ്ത് കോൺഗ്രസ്; തെരഞ്ഞെടുപ്പിലേക്ക് അതിവേഗം നീങ്ങാൻ 'ഇന്ത്യ'
ന്യൂദൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള 11 മുഖ്യമന്ത്രിമാരുടെ ഫോട്ടോ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്ത് കോൺഗ്രസ്. ഇന്ത്യയുടെ ശബ്ദം ‘ഇന്ത്യ’യാണ് എന്ന തലക്കെട്ടോടെയാണ് പ്രതിപക്ഷ നിരയിലെ മുഖ്യമന്ത്രിമാരുടെ ഫോട്ടോ ഉൾപ്പെടുന്ന പോസ്റ്റർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പേജിൽ പോസ്റ്റ് ചെയ്തത്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ, ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയവരും കോൺഗ്രസ് ഷെയർ ചെയ്ത പോസ്റ്ററിലുണ്ട്.
ഇന്നലെ മുംബൈയിൽ നടന്ന ഇന്ത്യ മുന്നണിയുടെ യോഗത്തിൽ, ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് അതിവേഗമാക്കാൻ തീരുമാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കാനാകാം കേന്ദ്ര സർക്കാർ അപ്രതീക്ഷിത പാർലമെന്റ് സമ്മേളനം വിളിച്ചത് എന്ന വിലയിരുത്തലിലാണ് തീരുമാനം. ഈ മാസം 30 നുള്ളിൽ മുന്നണിയുടെ സംയുക്ത സ്ഥാനാർത്ഥികളെ തീരുമാനിക്കണമെന്ന് അരവിന്ദ് കെജ്‌രിവാൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇന്ന് നടക്കുന്ന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.
സാമൂഹ്യമാധ്യമങ്ങളിൽ ഒറ്റക്കെട്ടായി പ്രചാരണം നടത്താനും യോഗത്തിൽ തീരുമാനമായി. കേന്ദ്രത്തിനെതിരെ സംയുക്ത പ്രക്ഷോഭം, പൊതുസമ്മേളനങ്ങൾ, റാലികൾ എന്നിവ സംഘടിപ്പിക്കാനും ബി.ജെ.പിക്ക് എതിരായി ഉപയോഗിക്കാവുന്ന രാഷ്ട്രീയ വിഷയങ്ങൾ കണ്ടെത്താനുമുള്ള വിവിധ സമിതികൾ ഇന്നത്തെ യോഗത്തിൽ രൂപീകരിക്കും. സെക്രട്ടറിയേറ്റ് സമിതി, തെരഞ്ഞെടുപ്പ് സാധ്യതകൾ പഠിക്കാനുള്ള ഗവേഷക സംഘം, മാധ്യമ-നവമാധ്യമ സംഘം, ലോക്സഭാ തെരഞ്ഞെടുപ്പ് നയിക്കാനുള്ള സമിതി തുടങ്ങിയവ ചർച്ചയാകും.
നിലവിൽ 28 കക്ഷികളാണ് മുന്നണിയിലുള്ളത്. മഹാരാഷ്ട്രയിലെ മാർക്സിസ്റ്റ് പാർട്ടിയായ പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത്യയും (പി.ഡബ്ലിയു.പി) മറ്റൊരു പ്രാദേശിക പാർട്ടിയുമാണ് ഇന്നലെ പുതുതായി യോഗത്തിൽ സാന്നിധ്യമറിയിച്ചത്. എൻ.ഡി.എയിലുള്ളതും അല്ലാത്തതുമായ 9 ചെറുകക്ഷികൾ ഒപ്പം ചേരാൻ താത്പര്യമറിയിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
എൻ.ഡി.എയിലെ ഘടകക്ഷികളെ അടർത്തിയെടുത്ത് പ്രതിപക്ഷ മുന്നണി ശക്തമാക്കാനുള്ള നീക്കങ്ങളും ഇന്ന് ചർച്ച ചെയ്യും. ഇന്ത്യയുടെ ലോഗോ പ്രകാശനം ചെയ്യുന്നതോടൊപ്പം ഇന്ന് തന്നെ തെരഞ്ഞെടുപ്പ് മുദ്രാവാക്യവും പുറത്തിറക്കിയേക്കും. ഇന്നലെ രാത്രി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അത്താഴവിരുന്നിലും നേതാക്കൾ പങ്കെടുത്തു.
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, മുഖ്യമന്ത്രിമാരായ എം.കെ സ്റ്റാലിൻ, മമത ബാനർജി, അരവിന്ദ് കെജ്‌രിവാൾ, ഭഗവന്ത മൻ, ഹേമന്ത് സോറൻ, ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിമാരായ ശരദ് പവർ, ഉദ്ധവ് താക്കറെ, ഫാറൂഖ് അബ്ദുള്ള തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
ഇടത് പാർട്ടി നേതാക്കൾ പ്രത്യേക യോഗവും ചേർന്നിരുന്നു. കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ മല്ലിഗാർജുൻ ഗാർഖെയുടെ ദളിത് പ്രതിച്ഛായ ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ മുന്നണിയുടെ നിർണായകമായ നേതൃസ്ഥാനങ്ങളിൽ ഒന്നിലേക്ക് കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്. സംഘടനാരൂപം എങ്ങനെയാകണമെന്ന് ചർച്ച ചെയ്യുന്നതോടൊപ്പം മുന്നണി കൺവീനർ, ചെയർപേഴ്സൺ തീരുമാനവും ഇന്നത്തെ യോഗത്തിൽ ഉണ്ടാകും.
content highlights: Congress shared photos of 11 Chief Ministers including Pinarayi Vijayan; ‘India’ to move fast towards elections