| Wednesday, 31st May 2023, 9:43 pm

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ മൗനം; വനിതാ മന്ത്രിയെ കാണ്മാനില്ലെന്ന പോസ്റ്ററുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ മൗനം പാലിക്കുന്ന കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനിയെ പരിഹസിച്ച് കോണ്‍ഗ്രസ്. സ്മൃതി ഇറാനിയുടെ ഫോട്ടോ വെച്ച് കാണ്മാനില്ല എന്ന പോസ്റ്റര്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചു.

അതേസമയം, കാണ്മാനില്ല എന്ന കോണ്‍ഗ്രസിന്റെ പോസ്റ്ററിന് മറുപടിയുമായി സ്മൃതി ഇറാനിയുമെത്തി. രാഹുല്‍ ഗാന്ധിയെയും സ്മൃതി ഇറാനി വിമര്‍ശിച്ചു. മുന്‍ എം.പിയെ അന്വേഷിക്കുകയാണെങ്കില്‍ യു.എസുമായി ബന്ധുപ്പെടുക എന്നാണ് സ്മൃതി ഇറാനി കുറിച്ചിരിക്കുന്നത്.

നേരത്തെ കേന്ദ്ര മന്ത്രിമാരൊന്നും പിന്തുണ നല്‍കുന്നില്ലെന്ന വിമര്‍ശനം സമരം ചെയ്യുന്ന താരങ്ങളും ഉന്നയിച്ചിരുന്നു. ബ്രിജ് ഭൂഷണെതിരായ സമരത്തില്‍ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്മൃതി ഇറാനിക്കും നിര്‍മലാ സീതാരാമനും ബി.ജെപിയുടെ 41 വനിതാ നേതാക്കള്‍ക്കും ഗുസ്തി താരങ്ങള്‍ കത്തയച്ചിരുന്നു.

ജന്തര്‍മന്തറിലെത്തി പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും തന്നെ പിന്തുണ അറിയിച്ച് എത്തിയിരുന്നില്ല.

അതേസമയം, ഗുസ്തി താരങ്ങള്‍ ഇന്ന് ചേരാനിരുന്ന ഖാപ്പ് പഞ്ചായത്ത് നാളത്തേക്ക് മാറ്റി. സമരത്തിന്റെ നടപടികളെ കുറിച്ചുള്ള തീരുമാനം ഖാപ്പ് പഞ്ചായത്തില്‍ എടുക്കും.

ചൊവ്വാഴ്ച, ബ്രിജ് ഭൂഷണെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് വിവിധ മത്സരങ്ങളില്‍ ലഭിച്ച മെഡല്‍ ഗംഗയിലൊഴുക്കാനായി താരങ്ങളെത്തിയിരുന്നു. എന്നാല്‍ കര്‍ഷക നേതാക്കള്‍ ഇടപെട്ട് താരങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു. അഞ്ച് ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ഗംഗയിലൊഴുക്കാന്‍ തിരിച്ചെത്തുമെന്ന് താരങ്ങള്‍ കര്‍ഷകരെ അറിയിച്ചിരുന്നു.

ലൈംഗിക പരാതിയില്‍ മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 23 മുതല്‍ ഗുസ്തി താരങ്ങള്‍ സമരം ചെയ്യുകയാണ്.

CONTENTHIGHKIGHT: Congress shared a missing poster of smruthi irani

We use cookies to give you the best possible experience. Learn more