| Wednesday, 9th October 2019, 12:57 pm

'അവരും ഞങ്ങളും ക്ഷീണിതരാണ്. മുന്നോട്ടുള്ള യാത്ര ഒന്നിച്ച്'; കോണ്‍ഗ്രസും എന്‍.സി.പിയും ഒന്നുക്കുമെന്ന് സുശീല്‍കുമാര്‍ ഷിന്‍ഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: ഭാവിയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും ഒന്നിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെ.

താനും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറും ഒരേ വൃക്ഷത്തിന്റെ കീഴിലാണ് വളര്‍ന്നതെന്നും ശരത് പവാര്‍ ഇതിനെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ലെന്നും സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

‘കോണ്‍ഗ്രസും എന്‍.സി.പിയും രണ്ട് വ്യത്യസ്ത പാര്‍ട്ടികളാണെങ്കില്‍ കൂടി ഇന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത് ഇരു പാര്‍ട്ടികളും ഭാവിയില്‍ ഒന്നുക്കുമെന്നാണ്. കാരണം അവരും ക്ഷീണിതരാണ്. ഞങ്ങളും ക്ഷീണിതരാണ്.’ കൂടുതല്‍ വിശദ്ദീകരണം കൂടാതെ അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ സോലാബപൂരിലെ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായ വ്യത്യാസം നോക്കുമ്പോള്‍ തനിക്ക് ശരത് പവാറിനേക്കാള്‍ എട്ട് വയസ് കുറവാണെന്നും ഇരു നേതാക്കള്‍ക്കും 70 വയസ് പൂര്‍ത്തിയാവുകയാണെന്നും ഷിന്‍ഡെ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞങ്ങള്‍ ഒരേ മരച്ചുവട്ടില്‍ വളര്‍ന്നവരാണ്. ഞങ്ങള്‍ കോണ്‍ഗ്രസ് എന്ന അമ്മയുടെ തണലില്‍ വളര്‍ന്നവരാണ്. ഇന്ദിരാഗാന്ധിയുടേയും
യശ്വന്ത്‌റാവു ചവാന്റെയും നേതൃത്വത്തില്‍ മുന്നോട്ട് വന്നവരാണെന്നും ഷിന്‍ഡെ പറഞ്ഞു.

‘അതുകൊണ്ടാണ് ഇന്ന് ഞങ്ങള്‍ പശ്ചാത്തപിക്കുന്നത്. അവര്‍ക്കും ഇതേ വികാരമുണ്ട്. പവാര്‍ അത് പരസ്യമായി പ്രകടിപ്പിക്കുകയില്ല. എന്നാല്‍ സമയം വരുമ്പോള്‍ അദ്ദേഹം അതിനെക്കുറിച്ച് പറയും.’ഷിന്‍ഡെ പറഞ്ഞു.

1999 മെയ് മാസത്തില്‍ സഹപ്രവര്‍ത്തകരായ പി.എ സംഗമ, താരിഖ് അന്‍വര്‍ എന്നിവര്‍ക്കൊപ്പം എന്‍.സി.പി സ്ഥാപിക്കാന്‍ ശരത് പവാര്‍ കോണ്‍ഗ്രസ് വിടുകയായിരുന്നു. പിന്നീട് മഹാരാഷ്ട്രയില്‍ 15 വര്‍ഷം (1999-2014) ഇരു പാര്‍ട്ടികളും കൈകോര്‍ത്തു.

കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ ഭരണത്തിലും അവര്‍ സഖ്യകക്ഷികളായിരുന്നു. ഇത്തവണത്തെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും ഒരുമിച്ചാണ് മത്സരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more