| Wednesday, 20th May 2020, 10:45 am

അതിഥി തൊഴിലാളികളെ സഹായിക്കുന്നതിന് ദേശീയാടിസ്ഥാനത്തില്‍ വിവര ശേഖരണം നടത്താന്‍ കോണ്‍ഗ്രസ്; പദ്ധതി രാഹുല്‍ ഗാന്ധിയുടെ പിന്തുണയോടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്ഡൗണില്‍ രാജ്യവ്യാപകമായി ദുരിതത്തിലായ അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്താന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. നിലവിലും ഭാവിയും അവര്‍ക്ക് സഹായം നല്‍കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസിന്റെ ഈ തീരുമാനം. എ.ഐ.സി.സി നേതാക്കളും സംസ്ഥാന അദ്ധ്യക്ഷന്‍മാരും നടത്തിയ വീഡിയോ കോണ്‍ഫറസിങ്ങിലാണ് ഈ തീരുമാനമെടുത്തത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വമുള്ള എ.ഐ.സി.സി നേതാവ് രാജീവ് സത്താ, എ.ഐ.സി.സി ഡാറ്റാ സെല്‍ ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി, സോഷ്യല്‍ മീഡിയ ചെയര്‍മാന്‍ രോഹന്‍ ഗുപ്ത എന്നിവരാണ് സംസ്ഥാന അദ്ധ്യക്ഷന്‍മാര്‍ക്ക് മുമ്പില്‍ പാര്‍ട്ടിയുടെ ഈ ആലോചന അവതരിപ്പിച്ചത്. ഈ ആലോചനക്ക് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണയുണ്ട്.

മൂന്ന് പ്ലാറ്റ്‌ഫോമുകളിലൂടെ ഈ വിവരശേഖരണ പദ്ധതി നടപ്പിലാക്കും. ഇത് കൂടാതെ നിലവില്‍ കോണ്‍ഗ്രസ് നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങളും തുടരും.

ഉത്തര്‍പ്രദേശില്‍ അതിഥി തൊഴിലാളികളെ സഹായിക്കുന്നതിന് വേണ്ടി ആയിരം ബസ്സുകള്‍ കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് ജന്മനാടുകളിലേക്ക് പോവുന്നതിനുള്ള യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയാ ഗാന്ധി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more