| Sunday, 16th December 2018, 11:40 am

ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഗേല്‍ മുഖ്യമന്ത്രിയായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയായി പി.സി.സി അദ്ധ്യക്ഷന്‍ ഭൂപേഷ് ബാഗേലിനെ പ്രഖ്യാപിച്ചേക്കും. ഇന്ന് റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമായെന്ന് സൂചിപ്പിക്കാനായി സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന മുന്‍പ്രതിപക്ഷ നേതാവ് ടി.എസ് സിങ്ദിയോ, ലോക്‌സഭാ എം.പി തംരധ്വാജ് സാഹു, ചരണ്‍ ദാസ് മഹന്ത്, ബാഗേല്‍ എന്നീ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

ദുര്‍ഗില്‍ നിന്നുള്ള ഒ.ബി.സി വിഭാഗമായ കുര്‍മി നേതാവായ ഭൂപേഷ് ബാഗേല്‍ മധ്യപ്രദേശില്‍ ദിഗ് വിജയസിങ് സര്‍ക്കാരില്‍ ഗതാഗത മന്ത്രിയും 2000ത്തില്‍ ഛത്തീസ്ഗഢിലെ അജിത് ജോഗി സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ ഛത്തീസ്ഗഢിലെ കോണ്‍ഗ്രസിന്റെ മുഖ്യ വിജയശില്‍പിയാണ് ഭൂപേഷ്. തെരഞ്ഞെടുപ്പില്‍ ഒരു പ്രമുഖ മുഖത്തെ പോലും അവതരിപ്പിക്കാന്‍ ഇല്ലാതെയായിരുന്നു കോണ്‍ഗ്രസ് മത്സര രംഗത്തേക്കിറങ്ങിയിരുന്നത്. അജിത് ജോഗി കോണ്‍ഗ്രസ് വിട്ട് പുറത്ത് പോരുകയും മാവോയിസ്റ്റ് അക്രമണത്തില്‍ നിരവധി നേതാക്കള്‍ കൊല്ലപ്പെടുകയും ചെയ്ത കോണ്‍ഗ്രസ് ഇത്തവണ 14 പുതുമുഖങ്ങളെയാണ് മത്സരത്തിനിറക്കിയത്.

We use cookies to give you the best possible experience. Learn more