'കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാനിലേക്ക് പോകണം'; പ്രസ്താവനയിൽ അനില്‍ ആന്റണിക്ക് വക്കീല്‍ നോട്ടീസയച്ച് കോണ്‍ഗ്രസ്
Kerala News
'കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാനിലേക്ക് പോകണം'; പ്രസ്താവനയിൽ അനില്‍ ആന്റണിക്ക് വക്കീല്‍ നോട്ടീസയച്ച് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th April 2024, 9:24 am

പത്തനംതിട്ട: ബി.ജെ.പി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാനില്‍ പോയി പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്ന അനിലിന്റെ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി നോട്ടീസ് അയച്ചിരിക്കുന്നത്.

പരാമര്‍ശം കോണ്‍ഗ്രസിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചുവെന്ന് നോട്ടീസില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലിരിക്കെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നിയമ ലംഘനമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ദേശ വിരുദ്ധവും പാര്‍ട്ടി വിരുദ്ധവുമായ പ്രസ്താവന പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം 10 കോടി രൂപ മാനനഷ്ടം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് നോട്ടീസ് അയച്ചത്. പ്രസ്താവനക്കെതിരെ ജില്ലാ നേതൃത്വം കേസ് കൊടുക്കുന്നതിന് മുന്നോടിയായിട്ടാണ് കമ്മിറ്റി അംഗം സജീവ് ജനാര്‍ദ്ദനന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

നോട്ടീസിന്റെ കോപ്പി കോണ്‍ഗ്രസ് ഡി.ജി.പിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും അയച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കള്‍ പാകിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലതെന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രസ്താവന. പാകിസ്ഥാനില്‍ മറ്റൊരു പാര്‍ട്ടി രൂപീകരിച്ച് അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക.

കോണ്‍ഗ്രസുകാര്‍ക്ക് ഇന്ത്യയില്‍ ഒരു ഭാവി കാണുന്നില്ലെന്നും അനില്‍ ആന്റണി പറഞ്ഞിരുന്നു. എ.കെ. ആന്റണി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചുവെന്നും രാഹുല്‍ നയിക്കുന്ന കോണ്‍ഗ്രസിലെ സജീവ നേതാക്കള്‍ക്കാണ് താന്‍ ഈ ഉപദേശം നല്‍കുന്നതെന്നുമായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം.

Content Highlight: Congress sends legal notice to Anil Antony