[]ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ മുന്നോടിയായി കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളുടെ അഭിപ്രായമാരായുന്നു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുസ്‌ലിം സംഘടനകളുടെ നേതാക്കന്മാരുമായി കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞയാഴ്ച ദളിത്- പിന്നോക്ക വിഭാഗങ്ങളുമായും രാഹുല്‍ ഗാന്ധി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
മുസാഫര്‍ഗനറിന്‍ കലാപബാധിതരെ കണ്ടു മടങ്ങിയതിന് ശേഷമാണ് രാഹുല്‍ മുസ്‌ലീം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
അഴിമതിയാരോപണങ്ങള്‍ മൂലം നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചെടുക്കുന്നതിന്റേയും തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ട് കേന്ദ്രീകരിക്കുന്നതിന്റേയും ഭാഗമായാണ് കോണ്‍ഗ്രസ് ഇത്തരം കൂടിക്കാഴ്ചകള്‍ക്ക് വട്ടം കൂട്ടുന്നതെന്നാണ് ആരോപണം.
രാഹുല്‍ മുസാഫര്‍നഗറില്‍ കലാപബാധിതരെ സന്ദര്‍ശിച്ചതിനെ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ് വിമര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് കള്ളന്മാരെ പോലെ രാഹുല്‍ ഗാന്ധി മുസാഫര്‍നഗറിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വന്ന് അവിടെയുളളവരെ തെറ്റിദ്ധരിപ്പിക്കുന്നതെന്നാണ് മുലായംസിങ് യാദവ് പറഞ്ഞത്.
അതേസമയം രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുസ്‌ലീം നേതാക്കള്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.