| Saturday, 30th November 2019, 2:24 pm

മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ അല്ലെങ്കില്‍ മല്ലികാര്‍ജുന ഖാര്‍ഗെ; ബി.ജെ.പി ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ കണക്കൂകൂട്ടല്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് ഇനി അഞ്ച് ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ പുതിയ നീക്കത്തെ കുറിച്ചാലോചിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം. ഉപതെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടിയുള്ള സീറ്റുകള്‍ നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലെങ്കില്‍ ജനതാദളുമായി വീണ്ടും സഖ്യമുണ്ടാക്കി സര്‍ക്കാരുണ്ടാക്കണമെന്നാണ് ഈ വിഭാഗം ആവശ്യപ്പെടുന്നത്.

മഹാരാഷ്ട്രയില്‍ പരമ്പരാഗത ശത്രുവായ ശിവസേനയെ കൂട്ടി സര്‍ക്കാരുണ്ടാക്കാമെങ്കില്‍ കര്‍ണാടകയില്‍ എന്ത് കൊണ്ട് ജനതാദളുമായി സര്‍ക്കാരുണ്ടാക്കി കൂടാ എന്നാണ് ഈ വിഭാഗം ഉന്നയിക്കുന്ന ചോദ്യം. ഈ വിഭാഗം ഡി.കെ ശിവകുമാറിനെ പിന്തുണക്കുകയും സിദ്ധരാമയ്യയെ എതിര്‍ക്കുകയും ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉപതെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടിയുള്ള സീറ്റുകള്‍ നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലെങ്കില്‍ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് പോവണമെന്നാണ് സിദ്ധരാമയ്യയുടെ ആഗ്രഹം. തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നാണ് സിദ്ധരാമയ്യ വാദിക്കുന്നത്. എന്നാല്‍ ഈ വാദത്തെ ഡി.കെ. ശിവകുമാറിനെ പിന്തുണക്കുന്നവര്‍ തള്ളിക്കളയുന്നു. ജനതാദളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കണമെന്നാണ് ഇവരുടെ ആഗ്രഹം.

ദേവഗൗഡ കുടുംബവുമായും ജനതാദള്‍ നേതാക്കളുമായും മികച്ച ബന്ധമാണ് ശിവകുമാറിനുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന സൂചനകള്‍ ദേവഗൗഡ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

സിദ്ധരാമയ്യയുമായി രാഷ്ട്രീയമായി വൈരം സൂക്ഷിക്കുന്ന ദേവഗൗഡ ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുമെന്നാണ് ശിവകുമാര്‍ വിഭാഗം പറയുന്നത്. വൊക്കലിഗ സമുദായക്കാരനാണ് ശിവകുമാര്‍ എന്നതും ദേവഗൗഡയുടെ പിന്തുണ ഉറപ്പാക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അതേ സമയം മറ്റൊരു നേതാവിന് വേണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ശിവകുമാര്‍ മാറി നില്‍ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് സാധ്യത. ശിവകുമാറിനോ ഖാര്‍ഗെയ്‌ക്കോ മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസും ജനതാദളും തീരുമാനിച്ചാല്‍ സിദ്ധരാമയ്യയ്ക്ക് രാഷ്ട്രീയമായി അത് തിരിച്ചടിയാവും.

വൊക്കലിഗ സമുദായത്തില്‍ നിന്ന് മറ്റൊരു നേതാവ് ഉയര്‍ന്നു വരുന്നത് എച്ച.ഡി കുമാരസ്വാമിക്ക് ഇഷ്ടമല്ലാത്തത് ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ തടസ്സമായേക്കും. അത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള മറ്റൊരു നേതാവിന് മുഖ്യമന്ത്രിസ്ഥാനം നല്‍കുകയും സഹോദരന്‍ എച്ച്.ഡി രേവണ്ണയെ ഉപമുഖ്യമന്ത്രിയാക്കിയും ഉള്ള ഫോര്‍മുലയാണ് കുമാരസ്വാമി മുന്നോട്ട് വെക്കുക എന്നാണ് ജനതാദള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more