ന്യൂദല്‍ഹി: റോബര്‍ട്ട് വധ്രയുടെ കമ്പനിയെ ഇടനിലക്കാരാകാന്‍ അനുവദിക്കാത്തതിനാലാണ് യു.പി.എയുടെ ഭരണകാലത്ത് റാഫേല്‍ കരാര്‍ തള്ളിക്കളഞ്ഞതെന്ന് ബി.ജെ.പിയുടെ ആരോപണം. വധ്രയുടെ കമ്പനിയെ കരാറിലുള്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടക്കാതിരുന്നതിനാല്‍ കരാര്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ഗജേന്ദ്ര സിംഗ് ശെഖാവത്തിന്റെ പക്ഷം.
വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അസ്വസ്ഥരാണെന്നും, പ്രതികാരബുദ്ധിയോടെയാണ് എന്‍.ഡി.എയുടെ നേതൃത്വത്തില്‍ അംഗീകരിച്ച കരാറിനെ കുറ്റപ്പെടുത്തുന്നതെന്നും ശെഖാവത്ത് പറയുന്നു.
“ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയെയും റോബര്‍ട്ട് വധ്രയുടെ കമ്പനിയെയും ഇടനിലക്കാരാക്കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിച്ചിരുന്നു. ഇത് നടക്കില്ലെന്നുറപ്പായപ്പോള്‍, കരാര്‍ റദ്ദു ചെയ്യുകയായിരുന്നു. ഇപ്പോള്‍ എന്‍.ഡി.എയുടെ കരാറിനെ കുറ്റപ്പെടുത്തുന്നതും പ്രതികാരബുദ്ധിയോടെയാണ്” മന്ത്രി പറയുന്നു.
റാഫേല്‍ കരാറിനെ കോണ്‍ഗ്രസ് അനാവശ്യമായി രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. വിദേശശക്തികളുടെ സഹായത്തോടെ പ്രധാനമന്ത്രിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാനാണ് അവരുടെ ശ്രമമെന്നും ബി.ജെ.പി ആരോപിക്കുന്നുണ്ട്.