| Saturday, 18th September 2021, 11:27 am

രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആകണം; പ്രമേയം പാസാക്കി കോണ്‍ഗ്രസ് പട്ടികജാതി വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി വരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പട്ടികജാതി വിഭാഗം. വിഷയത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ എക്‌സിക്യുട്ടീവ് യോഗം പ്രമേയം പാസാക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ ആകണമെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്, ദല്‍ഹി മഹിള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യൂ.ഐ എന്നിവര്‍ മുന്‍പേ പ്രമേയം പാസ്സാക്കിയിരുന്നു.

പെരിയാര്‍ ഇ.വി രാമസ്വാമി നായ്കറുടെ 142ാം ജന്മവാര്‍ഷിക ചടങ്ങിലാണ് കോണ്‍ഗ്രസിന്റെ പട്ടികജാതി വിഭാഗം രാഹുല്‍ അധ്യക്ഷന്‍ ആകണമെന്ന പ്രമേയം പാസാക്കിയത്.

75ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ‘സമ്മത്യ ചെത്‌നാ വര്‍ഷ് ‘ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ കര്‍മപരിപാടികളും കോണ്‍ഗ്രസ് പട്ടിക ജാതി വിഭാഗം ആസൂത്രണം ചെയ്തിട്ടുണ്ട്. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളില്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളാകും ഇത്.
ദലിത് യുവാക്കളുടെ ഉന്നമനവും ജാതി അസമത്വങ്ങള്‍ അവസാനിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് പട്ടികജാതി വിഭാഗം കൂട്ടിച്ചേര്‍ത്തു.

2019 ലോക്‌സഭാ തെരഞ്ഞടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെച്ചിരുന്നു. നേതൃസ്ഥാനം ഒഴിഞ്ഞ രാഹുല്‍, നെഹ്റു കുടുംബത്തില്‍ നിന്നല്ലാത്തവര്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി ആ സ്ഥാനത്തേക്ക് വരുകയും ചെയ്തു. 1998 മുതല്‍ 2017 വരെ സോണിയ ഗാന്ധി തന്നെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ.

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ദേശീയ എക്സിക്യൂട്ടിവ് യോഗത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 6ന്
യൂത്ത് കോണ്‍ഗ്രസ് പാസാക്കിയിരുന്നു. ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയതെന്ന് ശ്രീനിവാസ് അറിയിച്ചിരുന്നു.

2021 ജൂണ്‍ മാസത്തോട് കൂടി കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കോണ്‍ഗ്രസില്‍ ഒരു ആഭ്യന്തര തെരഞ്ഞെടുപ്പ് നടത്താനും വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചിരുന്നു.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചതിന് പിന്നാലെ സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ വര്‍ക്കിംഗ് കമ്മിറ്റികള്‍ തീരുമാനം എടുത്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Congress scheduled castes wants Rahul Gandhi back as their party president

We use cookies to give you the best possible experience. Learn more