കശ്മീര്‍ തെരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യത്തില്‍ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ്
national news
കശ്മീര്‍ തെരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യത്തില്‍ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th November 2020, 7:51 pm

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സിലിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യത്തിനൊപ്പം മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ്. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഗുപ്കാര്‍ സഖ്യത്തില്‍ ഭാഗമായ നാഷണല്‍ കോണ്‍ഫറന്‍സുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. മതേതര സ്വഭാവമുള്ള കക്ഷികളുമായി സഖ്യമുണ്ടാക്കുമെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് വക്താവ് രവീന്ദര്‍ ശര്‍മ്മ പറഞ്ഞു.

നവംബര്‍ 28 നും ഡിസംബര്‍ 19 നും ഇടയില്‍ എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 22 നാണ് ഫലം.

തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാനാണ് ഗുപ്കാര്‍ സഖ്യത്തിന്റെ തീരുമാനം. ഒമ്പത് പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്.

സഖ്യത്തിന്റെ നേതാവായി മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ തെരഞ്ഞെടുത്തിരുന്നു. മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയാണ് വൈസ് പ്രസിഡണ്ട്.

പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലേറഷന്‍ എന്നാണ് സഖ്യത്തിന്റെ പേര്. ജമ്മു കശ്മീരിന്റെ പഴയ കൊടിയാണ് സഖ്യത്തിന്റെ ചിഹ്നമായി തെരഞ്ഞെടുത്തിരിക്കുന്നത്. ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ല്യോണിനാണ് വക്താവ് സ്ഥാനം.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഗുപ്കാര്‍ കൂട്ടായ്മ രൂപീകരിച്ചത്. ഈ വര്‍ഷം ആഗസ്റ്റ് 22 നാണ് കശ്മീരില്‍ ഗുപ്കാര്‍ കൂട്ടായ്മ രൂപീകരിച്ചത്.

ഒക്ടോബര്‍ 15 ന് ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സിനും പി.ഡി.പിയ്ക്കും പീപ്പിള്‍സ് കോണ്‍ഫറന്‍സിനും പുറമെ പീപ്പിള്‍സ് മൂവ്‌മെന്റ്, സി.പി.ഐ.എം എന്നീ കക്ഷികളും സഖ്യത്തില്‍ പങ്കാളികളാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress says won’t join Gupkar Alliance in J&K, will ally with NC in DDC polls