ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെങ്കില്‍ അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന് കോണ്‍ഗ്രസ്. 2 സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് കൊണ്ട് സര്‍ക്കാരിന് ഒന്നും സംഭവിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
“ബി.ജെ.പിയുടെ നീക്കത്തില്‍ ഞങ്ങള്‍ക്ക് തെല്ലും ഭയമില്ല. അവര്‍ക്കിപ്പോഴും സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 14-15 എം.എല്‍.എമാരുടെ പിന്തുണ വേണം. സ്വതന്ത്രരുടെ പിന്തുണയില്ലെങ്കില്‍ പോലും ഞങ്ങള്‍ക്കൊപ്പമുള്ളത് 80+37 പേര്‍ ആണ്. ബി.ജെപിയ്ക്കുള്ളത് 104 ഉം”- കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ബി.ജെ.പി തങ്ങളുടെ മൂന്ന് എം.എല്‍.എമാരെ റാഞ്ചുകയാണെങ്കില്‍ അവരുടെ ആറ് എം.എല്‍.എമാരെ തങ്ങളുടെ പാളയത്തിലെത്തിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
എം.എല്‍.എമാരായ എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് ഇന്ന് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എല്ലാ അര്‍ത്ഥത്തിലും പരാജയമാണെന്നും അതിനാലാണ് ഞങ്ങള്‍ പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ആര്‍ ശങ്കര്‍ പറഞ്ഞു.
സഖ്യകക്ഷികള്‍ തമ്മില്‍ വലിയ ധാരണയൊന്നുമില്ലാത്തതിനാലാണ് പിന്തുണ പിന്‍വലിച്ചതെന്നാണ് നാഗേഷ് പറയുന്നത്. സുസ്ഥിരമായ സര്‍ക്കാറിനുവേണ്ടി ബി.ജെ.പിക്കൊപ്പം പോകാന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ 224 അംഗ സഭയില്‍ 80 കോണ്‍ഗ്രസ് എം.എല്‍.എമാരും 37 ജെ.ഡി.എസ് എം.എല്‍.എമാരും ഒരു ബി.എസ്.പി എം.എല്‍.എയും രണ്ട് സ്വതന്ത്രരും ചേര്‍ന്ന് രൂപപ്പെട്ട സഖ്യമാണ് ഭരിക്കുന്നത്.
104 എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്. ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 14 എം.എല്‍.എമാരുടെ കൂടി പിന്തുണ വേണം.
WATCH THIS VIDEO: