മുംബൈ: മുംബൈയിലെ അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സ്ഥാനാര്‍ഥിക്ക് പിന്തുണയറിയിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ്. നവംബര്‍ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടി പിളര്‍പ്പിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
മുന്‍പ് അന്ധേരിയുടെ എം.എല്‍.എയായിരുന്ന രമേഷ് ലട്കെയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. മരിച്ച എം.എല്‍.എയുടെ ഭാര്യ റുതുജ ലട്‌കെയായിരിക്കും ശിവസേനയുടെ സ്ഥാനാര്‍ഥിയെന്ന് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് തവണ എം.എല്‍.എയായ രമേഷ് ലട്കെ 2014ല്‍ കോണ്‍ഗ്രസിന്റെ സുരേഷ് ഷെട്ടിയെ പരാജയപ്പെടുത്തിയായിരുന്നു നിയമസഭയിലെത്തിയത്. ഈ വര്‍ഷം മെയ് 11ന് ദുബായിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം മരണപ്പെട്ടത്.
മുര്‍ജി പട്ടേല്‍ ആയിരിക്കും ബി.ജെ.പി സ്ഥാനാര്‍ഥി എന്നാണ് സൂചന.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് മഹാ വികാസ് അഘാഡി (എം.വി.എ) രൂപീകരിച്ചത്. ബി..ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനായിരുന്നു സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്.
മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇ.ഡി, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി ഭരണകൂടം ദുരുപയോഗം ചെയ്തുവെന്നും എന്നാല്‍ അഘാഡിയെ തകര്‍ക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് നാനാ പടോല്‍ പറഞ്ഞു.
ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ അന്ധേരി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. ശിവസേനയുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ പൂര്‍ണ ശക്തിയോടെ പ്രവര്‍ത്തിക്കുമെന്നും പടോലെ പറഞ്ഞു.
ജൂണില്‍ ശിവസേനയിലുണ്ടായ പിളര്‍പ്പിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അതേസമയം അടുത്ത തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോള്‍ ശിവസേന പിന്തുണക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ മിലിന്ദ് ദേവ്‌റ പറഞ്ഞു.
ഉദ്ധവ് താക്കറെയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് മിലിന്ദ് നര്‍വേക്കര്‍ ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഷിന്‍ഡെ വിഭാഗത്തിന്റെ വിമതനീക്കത്തോടെയാണ് മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ താഴെ വീഴുന്നത്. ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. ദേവേന്ദ്ര ഫഡ്നാവിസ് ആണ് ഉപമുഖ്യമന്ത്രി.
2019ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ത്ത് അധികാരത്തിലെത്തിയതായിരുന്നു മഹാവികാസ് അഘാഡി സര്‍ക്കാര്‍. ശിവസേന-ബി.ജെ.പി സഖ്യത്തില്‍ നിന്ന് പിന്മാറിയാണ് ശിവസേന കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തില്‍ ചേരുന്നതും മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുന്നതും.
2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോടൊപ്പമായിരുന്ന ശിവസേന ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്നാണ് സഖ്യത്തില്‍ നിന്നും പിന്മാറിയത്.
Content Highlight: Congress says will support uddhav led shivsena for mumbai bypolls