| Tuesday, 23rd July 2024, 9:13 pm

'ഞങ്ങളുടെ പ്രകടനപത്രിക കോപ്പിയടിച്ച് ബജറ്റ് അവതരിപ്പിച്ചതില്‍ സന്തോഷം'; കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024 കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കോപ്പിയടിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി കേന്ദ്ര ബജറ്റ് മുന്നോട്ടുവെച്ച പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് ആരോപണം.

കോണ്‍ഗ്രസ് പ്രകടനപത്രികയിലെ അപ്രന്റീസ്ഷിപ്പ് അവകാശനിയമം, എംപ്ലോയിമെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് (ഇ.എല്‍.ഐ) പദ്ധതി ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ കോപ്പിയടിച്ചുവെന്നാണ് ആരോപണം.

25 വയസിന് താഴെയുള്ള എല്ലാ ഡിപ്ലോമക്കാര്‍ക്കും ബിരുദധാരികള്‍ക്കും പൊതുമേഖല സ്ഥാപനങ്ങളിലും സ്വകാര്യ മേഖലകളിലും ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് ഉറപ്പ് നല്‍കുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്. ഇവര്‍ക്ക് ഒരു വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ നല്‍കുമെന്നും പത്രികയില്‍ പറഞ്ഞിരുന്നു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നതായിരുന്നു ഇതിനുപിന്നിലെ കോണ്‍ഗ്രസിന്റെ ലക്ഷ്യം.

എന്നാല്‍ കോണ്‍ഗ്രസ് വാഗ്ദാനത്തിന് സമാനമായ രീതിയിലാണ്, 500 കമ്പനികളില്‍ ഒരു കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ് സൗകര്യം ഒരുക്കുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം. ഇന്റേണ്‍ഷിപ്പ് ചെലവിന്റെ 10 ശതമാനവും സി.എസ്.ആര്‍. ഫണ്ടില്‍ നിന്ന് കമ്പനികള്‍ വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞിരുന്നു.

ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കുമെന്നാണ് തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായുള്ള കേന്ദ്ര ബജറ്റിലെ രണ്ടാമത്തെ പ്രഖ്യാപനം. എന്നാല്‍ ഇത് കോണ്‍ഗ്രസ് പ്രകടനപത്രികയിലെ മുപ്പതാം പേജില്‍ പ്രതിപാദിക്കുന്ന ഇ.എല്‍.ഐയ്ക്ക് സമാനമാണെന്നാണ് മറ്റൊരു ആരോപണം.

എയ്ഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനവും കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ശ്രദ്ധേയമായ വാഗ്ദാനമായിരുന്നു. തൊഴിലുടമകളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു ഈ വാഗ്ദാനം.

അതേസമയം ബജറ്റ് അവതരണത്തിന് പിന്നാലെ, കേന്ദ്ര മന്ത്രി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പാര്‍ലമെന്റില്‍ വായിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇതേകാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് അനുയായികള്‍ പാര്‍ട്ടിയുടെ പ്രകടനപത്രിക പങ്കുവെച്ച് കേന്ദ്ര ബജറ്റിനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ മൂന്നാം ടേമിലെ ആദ്യ ബജറ്റായിരുന്നു ഇത്. എന്‍.ഡി.എ ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള കേന്ദ്ര ബജറ്റിനെതിരെ വ്യാപക വിമര്ശനമാണ് ഉയരുന്നത്.

Content Highlight: Congress says Union Finance Minister Nirmala Sitharaman presented the 2024 Union Budget by copying its manifesto

We use cookies to give you the best possible experience. Learn more