അവസാന മണിക്കൂറില്‍ 11 ശതമാനം വരെ വോട്ട് രേഖപ്പെടുത്തിയത് അസാധ്യം; ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നെന്ന് കോണ്‍ഗ്രസ്
national news
അവസാന മണിക്കൂറില്‍ 11 ശതമാനം വരെ വോട്ട് രേഖപ്പെടുത്തിയത് അസാധ്യം; ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th December 2022, 11:50 pm

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നതായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ അവസാന മണിക്കൂറില്‍ പോള്‍ ചെയ്ത കണക്ക് അസ്വീകാര്യമാണെന്ന് കോണ്‍ഗ്രസിന്റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി ചെയര്‍മാന്‍ പവന്‍ ഖേര പറഞ്ഞു.

ഗുജറാത്തില്‍ പോള്‍ ചെയ്ത മൊത്തം വോട്ടിന്റെ ശരാശരി 6.5 ശതമാനവും നടന്നത് അവസാന മണിക്കൂറിലാണ് പല സീറ്റുകളിലും ഈ കണക്ക് 11 ശതമാനം വരെ
ഉയര്‍ന്നു. ഇത് അസാധ്യമായ കാര്യമാണെന്ന് പവന്‍ ഖേര പറഞ്ഞു.

ഈ സംഖ്യകള്‍ അനുസരിച്ച് ഒരു വോട്ട് രേഖപ്പെടുത്തുന്നതിന്റെ ശരാശരി വേഗത 20-30 സെക്കന്‍ഡാണെന്ന് ഖേര കൂട്ടിച്ചേര്‍ത്തു.

‘വഡോദരയിലെ റാവുപുര അസംബ്ലി മണ്ഡലത്തില്‍, വൈകുന്നേരം അഞ്ച് മണിക്ക്
51 ശതമാനമായിരുന്നു വോട്ടിങ്. ആറ് മണിയോടെ ഇത് 57.6ശതമാനമായി ഉയര്‍ന്നു. 281 ബൂത്തുകളിലായി 16,000 വോട്ടുകളുടെ വര്‍ധനവാണുണ്ടായത്.

ഇതിനര്‍ത്ഥം എല്ലാ ബൂത്തിലും ഒരു മണിക്കൂറില്‍ 57 വോട്ടുകള്‍ രേഖപ്പെടുത്തി എന്നല്ലേ. അത് എങ്ങനെ സാധ്യമാകും,’ പവന്‍ ഖേര പറഞ്ഞു.

വഡോദരയിലെ ചില സീറ്റുകളില്‍ കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ 10 മുതല്‍
12 ശതമാനം വോട്ടുകളുടെ വര്‍ധനവ് ഉണ്ടായതായും അദ്ദേഹം പറഞ്ഞു.

ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആചാര്യ ദേവവ്രതാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇദ്ദേഹത്തോടൊപ്പം 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഗാന്ധിനഗറിലെ പുതിയ സെക്രട്ടേറിയറ്റിനു സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

പട്ടേല്‍ സമുദായത്തിനാണ് ഭൂപേന്ദ്രയുടെ മന്ത്രിസഭയില്‍ മുന്‍തൂക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

Content Highlight: Congress says there was fraud in Gujarat assembly elections