സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത് സര്‍ക്കാറിന്റെയും ബി.ജെ.പിയുടെയും അശ്ലീലം: കോണ്‍ഗ്രസ്
national news
സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത് സര്‍ക്കാറിന്റെയും ബി.ജെ.പിയുടെയും അശ്ലീലം: കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd July 2022, 9:16 am

ന്യൂദല്‍ഹി: ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. നുപുര്‍ ശര്‍മക്കെതിരായ നിര്‍ണായക പരാമര്‍ശങ്ങളിലൂടെ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും അശ്ലീലമാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് പറഞ്ഞു.

‘രാജ്യത്ത് വര്‍ഗീയ വികാരം ആളിക്കത്തിക്കുന്നതിന് ഒറ്റ ഉത്തരവാദി നൂപുര്‍ ശര്‍മയാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. ഉദയ്പൂരില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവത്തിനു കാരണമായതും ബി.ജെ.പി വക്താവ് നടത്തിയ പരാമര്‍ശമാണ്.

രാജ്യത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്നതാണ് സുപ്രീംകോടതി പരാമര്‍ശങ്ങള്‍. ഭരിക്കുന്ന പാര്‍ട്ടിയെ നാണംകൊണ്ട് തല കുനിപ്പിക്കുന്നതാണ് ആ പരാമര്‍ശങ്ങള്‍. സര്‍ക്കാറിനുനേരെ കണ്ണാടി പിടിക്കുകയാണ് കോടതി ചെയ്തത്. സര്‍ക്കാറിന്റെയും ബി.ജെ.പിയുടെയും അശ്ലീലം ചൂണ്ടിക്കാട്ടുകയും ചെയ്തു. വര്‍ഗീയവികാരം ഊതിക്കത്തിച്ച് ലാഭമുണ്ടാക്കാന്‍ ബി.ജെ.പി നിരന്തരം ശ്രമിക്കുന്നു എന്നത് രഹസ്യമൊന്നുമല്ല. ഈ വിഭാഗീയ, വിനാശ ചിന്താഗതികള്‍ക്കെതിരെ പോരാടാനുള്ള ഓരോരുത്തരുടെയും ദൃഢപ്രതിജ്ഞക്ക് ശക്തിപകരുകയാണ് സുപ്രീംകോടതി ചെയ്തത്.

അഹങ്കാരത്തെയും മര്‍ക്കടമുഷ്ടിയേയും തികഞ്ഞ വായാടിത്തത്തെയും സുപ്രീംകോടതി വിമര്‍ശിച്ചിട്ടുണ്ട്.ഖേദപ്രകടനം നടത്തിയ രീതിയേയും കോടതി വിമര്‍ശിച്ചു. നുപുര്‍ ശര്‍മ ഭീഷണി നേരിടുന്നു എന്നതാണോ, രാജ്യത്തിന് അവര്‍ സുരക്ഷാ ഭീഷണി ഉണ്ടാക്കിവെച്ചു എന്നതാണോ ശരിയെന്ന് കോടതി ചോദിച്ചു.

നുപുര്‍ ശര്‍മക്ക് പൊലീസ് നല്‍കിയ പ്രത്യേക പരിഗണനയും കോടതി എടുത്തുപറഞ്ഞിട്ടുണ്ട്. ബി.ജെ.പി വക്താവിന് ചുവപ്പു പരവതാനി വിരിക്കുകയാണോ ചെയ്തതെന്ന കോടതിയുടെ ചോദ്യം അര്‍ഥവത്താണ്. എല്ലാവിധ ദേശവിരുദ്ധ ശക്തികളുടെയും ധ്രുവീകരണത്തിന് എതിരായ പോരാട്ടം കോണ്‍ഗ്രസ് ഒരിക്കലും അവസാനിപ്പിക്കില്ല. രാഷ്ട്രീയ നേട്ടത്തിന് രാജ്യത്തെ അസ്വസ്ഥതകളില്‍ മുക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. തലതിരിഞ്ഞ ചിന്താഗതിയുടെയും പെരുമാറ്റത്തിന്റെയും ദൂഷ്യഫലം ഓരോ ഇന്ത്യക്കാരനും അനുഭവിക്കേണ്ടിവരുന്നു,’ ജയ്‌റാം രമേശ് പറഞ്ഞു.

സുപ്രീം കോടതി പറഞ്ഞത് സത്യമാണെന്നും വിവാദ പ്രസ്താവന നടത്തിയ നുപുര്‍ ശര്‍മ അല്ല രാജ്യത്ത് ഇപ്പോഴുള്ള സാഹര്യം സൃഷ്ടിച്ചതെന്നും ബി.ജെ.പി സര്‍ക്കാരാണെന്നും രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

രാജ്യത്തെ ജനങ്ങളെ ഒന്നിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്ന അക്രമങ്ങളായാലും വയനാട്ടില്‍ സംഭവിച്ച അക്രമമായാലും കോണ്‍ഗ്രസിന്റെ തത്വങ്ങള്‍ക്ക് എതിരാണ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആര്‍.എസ്.എസും ബി.ജെ.പിയും ചേര്‍ന്നാണ് ദേഷ്യത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം രാജ്യത്ത് സൃഷ്ടിച്ചത്. ഇന്ത്യയുടെ താല്‍പര്യത്തിനും ജനങ്ങളുടെ താല്‍പര്യത്തിനും എതിരായ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നത്. അവരുടെ അത്തരം നടപടികളാണ് ദുരന്തങ്ങള്‍ക്ക് വഴിവെച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.