| Sunday, 10th July 2022, 9:17 am

ഇന്ത്യയിലെ സാഹചര്യങ്ങള്‍ ശ്രീലങ്കയ്ക്ക് സമാനം, ആളുകളുടെ ശ്രദ്ധ തിരിക്കുന്നത് വസ്തുതകളെ മാറ്റില്ല; കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് സ്ഥിതിഗതികള്‍ ശ്രീലങ്കയ്ക്ക് സമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ ഏറെക്കാലമായി പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ത്യയെ ശ്രീലങ്കയുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യയെ ശ്രീലങ്കയുമായി താരതമ്യം ചെയ്തിരുന്നു. ഇരുരാജ്യങ്ങളിലേയും തൊഴിലില്ലായ്മ, ഇന്ധനവില, വര്‍ഗീയ കലാപം തുടങ്ങിയ വിഷയങ്ങളുടെ ഗ്രാഫുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.

‘ആളുകളുടെ ശ്രദ്ധ തിരിക്കുന്നത് വസ്തുതകളെ മാറ്റില്ല. ഇന്ത്യയെ കാണുന്നത് ശ്രീലങ്കയെ പോലെയാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ മുന്‍നിര്‍ത്തി ശ്രീലങ്കയില്‍ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിയ്ക്ക് പ്രതിഷേധക്കാര്‍ തീയിടുകയും ചെയ്തിരുന്നു.

സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടിയാണ് റെനില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്.

രാജ്യത്തെ എല്ലാ പൗരന്മാരുടേയും ഉന്നമനത്തിലായി രാജ്യത്ത് സര്‍വകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നും ഇതിന് വേണ്ടിയാണ് താന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുന്നതെന്നുമായിരുന്നു റെനില്‍ വിക്രമസിംഗെ വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രസിഡന്റ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയിരുന്നു. പ്രക്ഷോഭകര്‍ രജപക്‌സെ കഴിഞ്ഞിരുന്ന മുറികളിലടക്കം കടന്ന് സാധനങ്ങള്‍ തല്ലിതകര്‍ത്തിരുന്നു.

ഔദ്യോഗിക വസതിയിലുള്ള നീന്തല്‍ക്കുളത്തില്‍ പ്രക്ഷോഭകര്‍ നീന്തിക്കുളിക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

പ്രസിഡന്റ് ജൂലൈ 13ന് രാജിവെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Content Highlight; Congress says that the situations in India is similar to Srilanka

We use cookies to give you the best possible experience. Learn more