ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ ജീവിക്കുന്നത് ബി.ജെ.പി അടിച്ചേല്‍പ്പിച്ച അന്യായമായ കാലത്തെന്ന് കോണ്‍ഗ്രസ്
ന്യൂദല്‍ഹി: ബി.ജെ.പി അടിച്ചേല്‍പ്പിച്ച അന്യായമായ കാലത്താണ് ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ ജീവിക്കുന്നതെന്ന് കോണ്‍ഗ്രസ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്ന അഞ്ച് തൂണുകളിലൂടെയാണ് ഇന്ത്യന്‍ ജനതക്ക് നീതി ലഭിക്കുന്നതെന്ന് എ.ഐ.സി.സി മീഡിയ ആന്‍ഡ് പബ്ലിസിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് വക്താവുമായ പവന്‍ ഖേര വിമര്‍ശിച്ചു.
ഒരു സംഭവത്തിന്റെ അമ്പരപ്പിന് പിന്നില്‍ യാഥാര്‍ത്ഥ്യത്തെ മറക്കാനുള്ള വിദ്യ ബി.ജെ.പി സര്‍ക്കാര്‍ പഠിച്ചിട്ടുണ്ടെന്നും ആ വിദ്യയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ പയറ്റുന്നതെന്നും പവന്‍ ഖേര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ 60,000 പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ ഒഴിവുകളിലേക്ക് 51 ലക്ഷം അപേക്ഷകരുണ്ടെന്നത് ദൗര്‍ഭാഗ്യകര മാണെന്ന് പവന്‍ ഖേര മാധ്യമങ്ങളോട് വ്യക്തമാക്കി.
ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളികളായ യുവാക്കള്‍ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഇസ്രഈലിലേക്ക് പോവാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് വേദനാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതാണ് ഇന്ത്യയിലെ നിലവിലെ സാഹചര്യമെന്നും പവന്‍ ഖേര പറഞ്ഞു.
ഇന്ത്യയില്‍ ഒരു നിര്‍മാണ തൊഴിലാളിക്ക് പ്രതിമാസം ലഭിക്കുന്നത് 10,000 രൂപ മാത്രമാണെന്നും അത് മിനിമം വേതനത്തിന് താഴെയാണെന്നും ഖേര ചൂണ്ടിക്കാട്ടി. അതേസമയം ഇന്ത്യയിലെ വേതനത്തിന്റെ 13-14 ഇരട്ടി ശമ്പളം നിലവില്‍ ഇസ്രഈല്‍ സര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
നല്ല ജീവിത സാഹചര്യം ഒരുക്കുന്നതിനായി ഇന്ത്യയിലെ യുവാക്കള്‍ ജീവന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയിട്ടും ഇസ്രഈലിലേക്ക് പോകാന്‍ തയ്യാറാവുന്നത് വിഷമകരമാണെന്നും പവന്‍ ഖേര മാധ്യമങ്ങളോട് ഊന്നിപ്പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍.ഡി.എ സര്‍ക്കാരിന്റെ അന്തിമ ബജറ്റ് അവതരിപ്പിക്കുമെന്നും ‘വിക്ഷിത് ഭാരത്’ എന്ന പൊള്ളയായ മുദ്രാവാക്യം പ്രചരിപ്പിക്കാന്‍ രാജ്യത്തെ എല്ലാ പൊതു സംവിധാനങ്ങളും ബി.ജെ.പി ഉപയോഗിക്കുമെന്നും പവന്‍ ഖേര ചൂണ്ടിക്കാട്ടി.
Content Highlight: Congress says that 140 crore people of India are living in an unfair time imposed by BJP