ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കത്തില്‍ നിന്ന് പിന്‍മാറുന്നതായി കോണ്‍ഗ്രസ്. പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും നീക്കത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതാവ് മല്ലികാര്‍ജ്ജുല്‍ ഖാര്‍ഗയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പിന്തുണയില്‍ വിള്ളല്‍ വീണതാണ് തീരുമാനത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇംപീച്ച്‌മെന്റ് നടപടിയില്‍ നിന്ന് പിന്‍മാറുന്നതായി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.
എസ്.പി.,ബി.എസ്.പി, എന്‍.സി.പി, ആര്‍.ജെ.ഡി തുടങ്ങിയ കക്ഷികള്‍ നേരത്തെ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശത്തെ അനുകൂലിച്ചിരുന്നെങ്കിലും അവസാന നിമിഷം എസ്.പി അടക്കമുള്ള കക്ഷികള്‍ ഇംപീച്ച്മെന്റ് ഇപ്പോള്‍ വേണ്ടെന്ന നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനും ഇംപീച്ച്മെന്റ് വേണ്ടെന്ന നിലപാടാണുള്ളത്.
രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇംപീച്ച്മെന്റ് പ്രമേയത്തിനുള്ള നീക്കങ്ങള്‍ നടത്തിവരികയായിരുന്നു കോണ്‍ഗ്രസ്. ഇതിനായി ഇടത്പാര്‍ട്ടികളുടേതടക്കം അറുപതോളം പ്രതിപക്ഷ എം.പിമാരുടെ ഒപ്പുശേഖരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ നിര്‍ദേശം മുന്നോട്ട് വെച്ച കോണ്‍ഗ്രസ് പിന്നീട് ഇതുസംബന്ധിച്ച് മൗനം തുടരുകയായിരുന്നു. പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഖാര്‍ഗെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കിയത്.
മുതിര്‍ന്ന ജഡ്ജിമാര്‍ ദീപക് മിശ്രക്കെതിരെ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷനീക്കം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ കഴിഞ്ഞ ജനുവരിയിലാണ് 4 മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
Watch This Video: