| Tuesday, 3rd September 2024, 7:05 pm

ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് മാധബി ബുച്ച് ശമ്പളത്തേക്കാളധികം പെന്‍ഷന്‍ കൈപ്പറ്റി: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും കോണ്‍ഗ്രസ്. ഐ.സി.ഐ.സി.ഐ ബാങ്കില്‍ ജീവനക്കാരിയായിക്കുമ്പോള്‍ കൈപ്പറ്റിയ ശമ്പളത്തെക്കാള്‍ അധികമാണ് മാധബി ബുച്ച് നേടിയ പെന്‍ഷനെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

എ.ഐ.സി.സി വക്താവായ പവന്‍ ഖേരയാണ് സെബി ചെയര്‍പേഴ്‌സണെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് മാധബി ബുച്ച് ശരാശരി 1.3 കോടി രൂപ വാര്‍ഷിക ശമ്പളമായി നേടിയിരുന്നു. എന്നാല്‍ വിരമിച്ചതിന് ശേഷം ശരാശരി വാര്‍ഷിക പെന്‍ഷനായി മാധബിയ്ക്ക് ലഭിച്ചത് 2.77 കോടി രൂപയാണെന്നും പവന്‍ ഖേര പറഞ്ഞു.

ഇത് ഒരു അസാധ്യമായ നീക്കമാണെന്നും ശമ്പളത്തേക്കാള്‍ അധികം പെന്‍ഷന്‍ ലഭിക്കുന്ന തൊഴില്‍ ഏതാണെന്നും പവന്‍ ഖേര ചോദിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2007ലാണ് മാധബി ബുച്ച് ഐ.സി.ഐ.സി.ഐ ബാങ്കില്‍ ജോലിക്ക് ചേരുന്നത്. 2013ല്‍ വിരമിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ, 2022ല്‍ സെബി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും മാധബി ബുച്ച് ഐ.സി.ഐ.സി ഐ ബാങ്കില്‍ നിന്ന് ശമ്പളവും മറ്റു ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ഇത് നിഷേധിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പുതിയ ആരോപണവുമായി മാധബി ബുച്ചിനെതിരെ കോണ്‍ഗ്രസ് വീണ്ടും രംഗത്തെത്തിയത്.

2017നും 2024നും ഇടയില്‍ ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് മാധബി ബുച്ച് 16.8 കോടി രൂപ വരുമാനമായി നേടിയെന്നാണ് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണം. 2017ല്‍ സെബിയില്‍ അംഗമായ ബുച്ച്, ബാങ്കില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റിയത് പദവിക്ക് ചേരാത്ത നീക്കമായെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.

വിരമിക്കുമ്പോള്‍ ബാങ്കില്‍ നിന്ന് 2013-2014 സാമ്പത്തിക വര്‍ഷത്തില്‍ ബുച്ചിന് 71.9 ലക്ഷം രൂപ ഗ്രാറ്റിവിറ്റി ഇനത്തില്‍ ലഭിച്ചിരുന്നു. പിന്നാലെ 2014-2015നും ഇടയില്‍ റിട്ടയര്‍മെന്റ്-കമ്മ്യൂട്ടഡ് പെന്‍ഷന്‍ വിഭാഗത്തില്‍ 5.36 കോടി രൂപയും ബുച്ചിന് ലഭിച്ചതായും പവന്‍ ഖേര പറഞ്ഞിരുന്നു. ഇതിനുപുറമെ സെബിയില്‍ ചേര്‍ന്നതിന് ശേഷമാണ് ബാങ്കില്‍ നിന്ന് ബുച്ചിന് റിട്ടയര്‍മെന്റ് ബെനിഫിറ്റ് ലഭിച്ചതെന്നും കോണ്‍ഗ്രസ് വാദം ഉന്നയിച്ചിരുന്നു.

ഇത് ഒരു തരത്തില്‍ ആദായ നികുതി നിയമത്തിന്റെ ലംഘനമാണെന്നും മാധവി പുരി ബുച്ച് നേടിയത് വരുമാനമാണെങ്കില്‍ നികുതി നല്‍കണമെന്നും പവന്‍ ഖേര പറഞ്ഞു. അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സെബി ചെയര്‍പേഴ്‌സണെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വിദേശ രാജ്യങ്ങളിലേക്കുള്ള അദാനിയുടെ നിഴല്‍ കമ്പനികളില്‍ മാധബി ബുച്ചിന് നിക്ഷേപമുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്.

Content Highlight: Congress says Madhabi Buch received pension more than her salary from ICICI Bank

We use cookies to give you the best possible experience. Learn more