ന്യൂദല്‍ഹി: 1973ലെ സുപ്രധാനമായ കേശവാനന്ദ ഭാരതി കേസിലെ സുപ്രീം കോടതി വിധിയെ ചോദ്യംചെയ്തുള്ള ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്.
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഘടനയെ മാറ്റാനാവില്ലെന്ന സുപ്രീംകോടതി വിധിയെ വിമര്‍ശിച്ചുകൊണ്ടുള്ള രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ധന്‍കറിന്റെ വിവാദ പ്രതികരണത്തിനെതിരെയാണ് പി. ചിദംബരം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.
പാര്‍ലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാമെന്നും എന്നാല്‍ അതിന്റെ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്താനാകില്ലെന്നുമുള്ള സുപ്രീം കോടതി വിധിയോട് വിയോജിപ്പുണ്ടെന്നാണ് ധന്‍കര്‍ പറഞ്ഞത്. ഇത് തെറ്റായ കീഴ്‌വഴക്കത്തിന്റെ ഭാഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനാധിപത്യ സമൂഹത്തില്‍ ഏത് അടിസ്ഥാന ഘടനയുടെയും അടിസ്ഥാനം ഭരണഘടനയല്ല മറിച്ച് ജനവിധിയാണെന്നും കോടതിയോടുള്ള എല്ലാ ബഹുമാനത്തോടെയും കേശവാനന്ദ ഭാരതി കേസിലെ വിധി താന്‍ അംഗീകരിക്കില്ലെന്നും ധന്‍കര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ജുഡീഷ്യറിക്ക് നേരെയുള്ള അസാധാരണമായ ആക്രമണമാണ് ധന്‍കറിന്റെ പ്രതികരണമെന്നാണ് ഇതിനോട് കോണ്‍ഗ്രസ് വ്യാഴാഴ്ച പ്രതികരിച്ചത്.
ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ (National Judicial Appointments Commission) ആക്ട് 2015ല്‍ സുപ്രീം കോടതി റദ്ദാക്കിയതിനെയും ഉപരാഷ്ട്രപതി വിമര്‍ശിച്ചിരുന്നു. ധന്‍കറിന്റെ നിലപാട് തീര്‍ത്തും തെറ്റാണെന്നും വരാനിരിക്കുന്ന അപകടത്തെ കുറിച്ച് ഭരണഘടനയെ സ്‌നേഹിക്കുന്ന രാജ്യത്തെ ഓരോ പൗരനുമുള്ള മുന്നറിയിപ്പാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു.
കേശവാനന്ദ ഭാരതി കേസിലെ സുപ്രധാന വിധി തള്ളിപ്പറഞ്ഞ രാജ്യസഭാ ചെയര്‍മാന്റെ നിലപാട് തെറ്റാണ്. പാര്‍ലമെന്റാണ് പരമം എന്ന നിലപാട് ശരിയല്ല. ഭരണഘടനയാണ് എല്ലാത്തിനും മുകളില്‍.
ഭൂരിപക്ഷം കാണിച്ച് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് മേല്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാനുള്ളതാണ് ഭരണഘടനയുടെ അടിസ്ഥാനഘടനാ തത്വമെന്നും ചിദംബരം പറഞ്ഞു.
”ഉദാഹരണത്തിന് രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേക്ക് മാറ്റാന്‍ ഭൂരിപക്ഷമുപയോഗിച്ച് പാര്‍ലമെന്റ് വോട്ട് ചെയ്തുവെന്ന് കരുതുക. അല്ലെങ്കില്‍ ഭരണഘടനയുടെ ഏഴാം പട്ടികയില്‍ വരുന്ന സംസ്ഥാനത്തിന്റെ പരമാധികാര വിഷയങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് കരുതുക.
അത്തരം ഭേദഗതികള്‍ സാധുവാകുമോ? ഒരു ബില്‍ കോടതി റദ്ദാക്കിയത് കൊണ്ട് അടിസ്ഥാനഘടനാ തത്വം തന്നെ തെറ്റാണെന്ന് അര്‍ത്ഥമില്ല,” ചിദംബരം കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനിലെ ജയ്പൂരില്‍ സഭാധ്യക്ഷന്മാരുടെ സമ്മേളനത്തില്‍ വെച്ചായിരുന്നു സുപ്രീംകോടതി വിധിക്കെതിരായ ഉപരാഷ്ട്രപതിയുടെ പ്രസ്തുത പരാമര്‍ശം. ധന്‍കറിനെ പിന്തുണച്ച് ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ളയും രംഗത്തെത്തിയിരുന്നു.
Content Highlight: Congress says Jagdeep Dhankhar’s remarks an extraordinary attack on judiciary